ചെൽസി താരത്തോട് രഹസ്യമായി പറഞ്ഞതെന്ത്, വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

ചെൽസിക്കെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ മികച്ച വിജയം നേടിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. അതുവരെ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് കയറുകയും ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ലിവർപൂൾ യൂറോപ്പ ലീഗ് യോഗ്യതയിലേക്ക് വീഴുകയും ചെയ്‌തു.

ചെൽസി ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഫലമായിരുന്നു മത്സരം സമ്മാനിച്ചത്. കഴിഞ്ഞ പതിമൂന്നു മത്സരങ്ങളിൽ ആകെ രണ്ടെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞത്. അതേസമയം മത്സരത്തിന് ശേഷം ചെൽസി താരമായ ഹക്കിം സിയച്ചിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് നടത്തിയ സംഭാഷണം ചർച്ചകൾക്ക് വഴിയൊരുക്കി. കഴിഞ്ഞ ദിവസം അതേക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി.

“അത് ഹക്കീമിനും എനിക്കും ഇടയിലുള്ള കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുള്ളവരാണ്, വളരെ മനോഹരമായ കാര്യങ്ങൾ. വലിയൊരു ബന്ധം ഞങ്ങളുടെ ജീവിതത്തിലുണ്ട്. താരത്തെപ്പോലെയുള്ളവർ എല്ലാ ആഴ്‌ചയും കളിക്കണം.” എറിക് ടെൻ ഹാഗ് പറഞ്ഞു. ഇതോടെ വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഹക്കിം സിയച്ചിനെ ചെൽസിയിൽ നിന്നും സ്വന്തമാക്കാൻ താരത്തെ മുൻപ് പരിശീലിപ്പിച്ചിട്ടുള്ള എറിക് ടെൻ ഹാഗ് ശ്രമം നടത്തുമെന്ന അഭ്യൂഹങ്ങളും വർധിച്ചിട്ടുണ്ട്.

ആയാക്‌സ് പരിശീലകനായിരിക്കുന്ന സമയത്താണ് സിയച്ചിനെ എറിക് ടെൻ ഹാഗ് പരിശീലിപ്പിച്ചിട്ടുള്ളത്. ഇരുവരും ഡച്ച് ലീഗ് കിരീടം ഒരുമിച്ച് സ്വന്തമാക്കിയതിനു പുറമെ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലും കളിച്ചിട്ടുണ്ട്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ചെൽസി വിടേണ്ട താരമായിരുന്നു സിയച്ച്. അതുകൊണ്ടു തന്നെ സമ്മറിൽ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പത്തിൽ സാധിക്കും.

Rate this post
Manchester United