ഗർനാച്ചോയെ വിട്ടുകൊടുക്കില്ലെന്ന തീരുമാനമെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

അടുത്ത മാസം തുടങ്ങാനിരിക്കുന്ന അണ്ടർ 20 ലോകകപ്പിനെ വലിയ പ്രതീക്ഷയോടെയാണ് അർജന്റീന കാണുന്നത്. ഖത്തർ ലോകകപ്പിൽ പൊരുതി കിരീടം നേടിയതിനു ശേഷം അവർക്ക് വീണ്ടുമൊരു ലോകകപ്പ് നേടാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ലോകകപ്പ് സ്വന്തം രാജ്യത്താണ് നടക്കുന്നതെന്നത് അർജന്റീനക്ക് കിരീടം സ്വന്തമാക്കാൻ കൂടുതൽ സാധ്യത നൽകുന്നു.

അണ്ടർ 20 ലോകകപ്പിന് അർജന്റീന യോഗ്യത നേടിയിട്ടില്ലായിരുന്നു. എന്നാൽ ഇന്തോനേഷ്യയിൽ വെച്ച് ടൂർണമെന്റ് നടത്താനിരുന്നത് ഫിഫ റദ്ദാക്കിയത് അർജന്റീനക്ക് വഴി തുറന്നു. ലോകകപ്പ് ആതിഥേയത്വത്തിനായി അർജന്റീന ശ്രമം നടത്തുകയും അത് നേടിയെടുക്കുകയും ചെയ്‌തതോടെ ആതിഥേയർ എന്ന നിലയിൽ അർജന്റീന അണ്ടർ 20 ലോകകപ്പിനെത്തി.

ലോകകപ്പ് നേടുന്നതിന് ഏറ്റവും മികച്ച ടീമിനെ അണിനിരത്താനൊരുങ്ങുന്ന അർജന്റീനക്ക് തിരിച്ചടി നൽകുകയാണ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി കരുതുന്ന അലസാൻഡ്രോ ഗർനാച്ചോയെ വിട്ടു നൽകില്ലെന്ന തീരുമാനം മാഞ്ചസ്റ്റർ യുണൈറ്റഡ് എടുത്തു കഴിഞ്ഞുവെന്നാണ് അർജന്റീനിയൻ ജേർണലിസ്റ്റ് ഗാസ്റ്റൻ എഡുൽ റിപ്പോർട്ടു ചെയ്യുന്നത്.

അർജന്റീനക്കായി ലോകകപ്പിൽ കളിക്കണമെന്ന് ആഗ്രഹമുള്ള ഗർനാച്ചോ ഇക്കാര്യം പരിശീലകനായ എറിക് ടെൻ ഹാഗിനെ അറിയിച്ചിരുന്നു.എന്നാൽ ടൂർണമെന്റിന്റെ ഇടയിൽ എഫ്എ കപ്പ് നടക്കുന്നതും ഒരു മാസത്തോളമായി പുറത്തിരിക്കുന്ന താരം പരിക്കിൽ നിന്നും മുക്തനായി വരുന്നേയുള്ളൂ എന്നതിന്റെ ആശങ്കയുമാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഇത്തരമൊരു തീരുമാനം എടുക്കാൻ കാരണമായത്.

അർജന്റീനയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ലോകകപ്പിന് താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന യൂറോപ്യൻ ക്ലബുകളുടെ നിലപാട്. മാഞ്ചസ്റ്റർ യുണൈറ്റഡിനു പുറമെ റയൽ മാഡ്രിഡ്, ബ്രൈറ്റൻ എന്നീ ക്ലബുകളും സമാനമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. മഷറാനോ ക്ലബുകളുമായി സംസാരിക്കാൻ യൂറോപ്പിലേക്ക് എത്തിയെങ്കിലും നിലപാടിൽ മാറ്റമില്ലെന്നാണ് വ്യക്തമാവുന്നത്.

Rate this post