❝സെൽറ്റ വീഗോയെ വീഴ്ത്തി റയൽ മാഡ്രിഡ് ; തകർപ്പൻ ജയവുമായി അത്ലറ്റികോ മാഡ്രിഡ് ; മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില ; ഡോർട്മുണ്ടിന് കനത്ത തോൽവി ❞

സ്പാനിഷ് ലാ ലീഗയിൽ കിരീടത്തോട് കൂടുതൽ അടുത്തിരിക്കുകയാണ് റയൽ മാഡ്രിഡ്.ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ സെൽറ്റ വിഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു റയൽ പരാജയപ്പെടുത്തിയത്.സ്പാനിഷ് വമ്പൻമാർക്ക് ലഭിച്ച മൂന്ന് പെനാൽറ്റികളിൽ രണ്ടെണ്ണം കരീം ബെൻസിമ വലയിൽ എത്തിച്ചപ്പോൾ, ഒന്ന് പാഴാക്കി. സെൽറ്റായുടെ ഗോൾ നോലിറ്റോയുടെ വകയായിരുന്നു.

മത്സരത്തിൽ 19 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ ബെൻസെമ റയലിനെ മുന്നിലെത്തിച്ചു. മിലിറ്റോയെ നോലിറ്റോ വീഴ്ത്തിയതിനു ആണ് റയലിന് പെനാൽട്ടി ലഭിച്ചത്.രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ജാവി ഗാലന്റെ പാസിൽ നോലിറ്റോ സെൽറ്റയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. 63 മത്തെ മിനിറ്റിൽ റയലിന് വീണ്ടും പെനാൽട്ടി ലഭിച്ചു. ഇത്തവണ പെനാൽട്ടി ഗോൾ ആക്കി മാറ്റാൻ ബെൻസെമക്ക് ആയില്ല. ഫ്രഞ്ച് താരത്തിന്റെ പെനാൽട്ടി സെൽറ്റ ഗോൾ കീപ്പർ മറ്റിയാസ് ഡിടൂറ രക്ഷിക്കുക ആയിരുന്നു.

എന്നാൽ 69 മത്തെ മിനിറ്റിൽ റയലിന് വീണ്ടും പെനാൽട്ടി ലഭിച്ചു. ഫെർലാന്റ് മെന്റിയെ കെവിൻ വാസ്കസ് വീഴ്ത്തിയതിനു ആണ് റയലിന് പെനാൽട്ടി ലഭിച്ചത്. ഇത്തവണ പെനാൽട്ടി ലക്ഷ്യം കണ്ട കരീം ബെൻസെമ റയലിന് വിജയം സമ്മാനിക്കുക ആയിരുന്നു. ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന റയൽ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ സെവിയ്യയുമായുള്ള പോയിന്റ് വ്യത്യാസം 12 ആയി ഉയർത്തി. പരിക്കിൽ നിന്ന് മോചിതനായ സൂപ്പർ താരം കരീം ബെൻസിമ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് മുമ്പ് ടീമിൽ തിരിച്ചെത്തിയത് റയലിന് വലിയ ആശ്വാസം പകരും.

മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് അലാവാസിനെ പരാജയപ്പെടുത്തി. പോർച്ചുഗൽ സ്‌ട്രൈക്കർ ജാവോ ഫെലിക്സിനെയും ഉറുഗ്വേൻ വെറ്ററൻ ലൂയിസ് സുവാരസിന്റെയും ഇരട്ട ഗോളുകളാണ് അത്ലറ്റികോ മാഡ്രിഡിന് വിജയം നേടിക്കൊടുത്തത്. 11 ,82 മിനിറ്റുകളിൽ ആയിരുന്നു ഫെലിക്സിന്റെ ഗോൾ പിറന്നത്. 75 ആം പെനാൽറ്റിയിൽ നിന്നും 90 ആം മിനുട്ടിലുമാണ് സുവാരസിന്റെ ഗോൾ പിറന്നത്.30 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ.

പ്രീമിയർ ലീഗിൽ നാലാം സ്ഥാനം നേടി അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ബെർത്ത് ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി. ലെസ്റ്റർ സിറ്റിയോട് സ്വന്തം തട്ടകത്തിൽ യുണൈറ്റഡ് 1-1ന് സമനിലയിൽ കുടുങ്ങി. ഗോൾ രഹിതമായ ഫസ്റ്റ് ഹാഫിന് ശേഷം 63 ആം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ ഇഹിയനാച്ചോ ലെസ്റ്ററിനെ മുന്നിൽ എത്തിച്ചു. എന്നാൽ, മിനിറ്റുകൾക്കകം ലെസ്റ്റർ വലയിൽ പന്തെത്തിച്ച് റെഡ് ഡെവിൾസ് തിരിച്ചടിച്ചു. ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് ലെസ്റ്റർ ഗോളി കാസപ്ർ ഷ്മൈക്കിൾ തട്ടി അകറ്റിയെങ്കിലും, റീബൗണ്ടിലൂടെ ഫ്രെഡ് ഗോളാക്കി മാറ്റുകയായിരുന്നു.

ലെസ്റ്ററിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയ ജെയിംസ് മാഡിസൺ 78 ആം മിനിറ്റിൽ യുണൈറ്റഡ് വല വീണ്ടും കുലുക്കി. എന്നാൽ, ഗോളിലേക്കുള്ള ബിൽഡപ്പിനിടെ റാഫേൽ വരാനെ ഇഹിയനാച്ചോ ഫൗൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് VAR ന്റെ സഹായത്തോടെ റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. നേരിയ പനിയെ തുടർന്ന് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ലെസ്റ്ററിനെതിരെ കളിച്ചിരുന്നില്ല.30 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ആറാം സ്ഥാനത്ത്‌ തുടരുകയാണ്. 29 മത്സരങ്ങൾ മാത്രം കളിച്ച ടോട്ടൻഹാമിന് നിലവിൽ 51 പോയിന്റും 28 മത്സരങ്ങളിൽ നിന്ന് ആഴ്സനലിന് 54 പോയിന്റുമുണ്ട്.

ജർമൻ ബുണ്ടസ് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ടിന് കനത്ത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലൈപ്സിഗ് ഡോർട്മുണ്ടിനെ കീഴടക്കിയത്. 21 ആം മിനുട്ടിൽ ക്രിസ്റ്റഫർ എങ്കുങ്കുവിന്റെ പാസിൽ നിന്നു കൊനാർഡ് ലൈയ്മർ ആണ് ലൈപ്സിഗിന് ആദ്യ ഗോൾ നേടിയത്. 30 ആം മിനുട്ടിൽ ലൈയ്മർ മത്സരത്തിലെ രണ്ടാം ഗോളും നേടിയപ്പോൾ ഡോർട്മുണ്ട് 2 ഗോളുകൾക്ക് പുറകിലായി.57 മത്തെ മിനിറ്റിൽ ലൈയ്മറിന്റെ പാസിൽ നിന്നു എങ്കുങ്കു നേടിയ ഗോളിൽ ലൈപ്സിഗ് മൂന്ന് ഗോളിന്റെ ലീഡ് നേടി.84 മത്തെ മിനിറ്റിൽ ഡച്ച് താരം മലൻ ഡോർട്മുണ്ടിനായി ഒരു ഗോൾ മടക്കി. എന്നാൽ 86 ആം മിനുട്ടിൽ എങ്കുങ്കുവിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് അതുഗ്രൻ അടിയിലിലൂടെ ഡാനി ഓൽമോ ആണ് ലൈപ്സിഗിന്റെ നാലാം ഗോൾ നേടി വിജയം പൂർത്തിയാക്കി.

Rate this post