❝മാഞ്ചസ്റ്റർ യുണൈറ്റഡിനെ ടോപ് ഫോറിൽ എത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കാവുമോ?❞|Manchester United |Cristiano Ronaldo

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഒരു ഹാട്രിക്കുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി വന്നിരിക്കുകയാണ്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ റെഡ് ഡെവിൾസ് നോർവിച്ച് സിറ്റിയെ 3-2ന് തോൽപിച്ചു.

ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ഇംഗ്ലീഷ് ക്ലബ് കഴിഞ്ഞ കുറച്ചു കാലമായി കടന്നു പോയി കൊണ്ടിരിക്കുന്നത്. വൻ തുക മുടക്കി റൊണാൾഡോയാടക്കമുള്ള വൻ താരങ്ങളെ കൊണ്ട് വന്നിട്ടും ഒരിക്കൽ പോലും പ്രതീക്ഷക്കൊത്ത പ്രകടനം അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 2013 ൽ വിഖ്യാത പരിശീലകൻ അലക്സ് ഫെർഗൂസൻ കളമൊഴിഞ്ഞതിന് ശേഷം പഴയ പ്രതാപത്തിന്റെ ബലത്തിലാണ് യുണൈറ്റഡ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

എന്നാൽ ഇന്നലെ നേടിയ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് ഫോർ പ്രതീക്ഷകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്, അതിനു റൊണാൾഡോയോട് നന്ദി പറയേണ്ടിയിരിക്കുന്നു.നീണ്ട നാളുകൾക്ക് ശേഷം ഫ്രീകിക്കിൽ നിന്നും ഗോൾ നേടുന്നതും കാണാൻ സാധിച്ചു.ടോട്ടൻഹാമും ആഴ്സണലും തോൽക്കുകയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിർണായകമായ മൂന്ന് പോയിന്റുകൾ നേടികൊടുത്തതോടെ പ്രീമിയർ ലീഗിലെ ആദ്യ നാലിലേക്കുള്ള മത്സരം ശക്തമാക്കി.

സ്പർസ് മിഡ്-ടേബിൾ ബ്രൈറ്റനോട് ഹോം മൈതാനത്ത് തോൽക്കുകയും സതാംപ്ടൺ ആഴ്സനലിനെതിരെ വിജയം നേടുകയും ചെയ്തു. നിലവിൽ നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിന്‌ 32 മത്സരങ്ങളിൽ നിന്നും 57 പോയിന്റും അത്രയും മത്സരങ്ങളിൽ നിന്നും അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിനും 54 പോയിന്റുണ്ട് . ഇവരേക്കാൾ ഒരു മത്സരം കുറവ് കളിച്ച ആഴ്സണലിനും 54 പോയിന്റുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് അവശേഷിക്കുന്ന ആറു മത്സരങ്ങളിൽ ലിവർപൂൾ , ചെൽസി , ആഴ്‌സണൽ എന്നിവരെ നേരിടേണ്ടതുണ്ട്.

റൊണാൾഡോയുടെ ഫോമിലാണ് യുണൈറ്റഡ് പ്രതീക്ഷയർപ്പിക്കുന്നത്. പോർച്ചുഗീസ് മികച്ച പ്രകടനം തുടർന്നാൽ മാത്രമേ യുണൈറ്റഡിന് കൂടുതൽ ദൂരം മുന്നോട്ട് പോവാൻ സാധിക്കുകയുള്ളു . ഈ സീസണിൽ 15 ഗോളുമായി യുണൈറ്റഡിന്റെ ടോപ് സ്കോററാണ് റൊണാൾഡോ. സൂപ്പർ താരത്തിലൂടെ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.