ജാഡൻ സാഞ്ചോ, ഗരത് ബേൽ, സെർജിയോ റിഗ്വിലോൺ എന്നിവരുടെ ട്രാൻസ്ഫർ നീക്കങ്ങൾ പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് അവർക്കു പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി. നിലവിൽ പുറത്തു വരുന്ന വിവിധ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് താരത്തിനു പകരമായി പോർട്ടോക്കൊപ്പം ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ബ്രസീലിയൻ താരം അലക്സ് ടെല്ലസിനെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.
പോർട്ടോയുമായുള്ള കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ള ടെല്ലസിനെ ഏജൻറായ പിനി സഹാവി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓഫർ ചെയ്തുവെന്നാണ് എ ബോല റിപ്പോർട്ടു ചെയ്യുന്നത്. നൂറിലധികം മത്സരങ്ങൾ പോർട്ടോക്കു വേണ്ടി കളിച്ച ഇരുപത്തിയേഴുകാരനായ താരം കഴിഞ്ഞ സീസണിൽ മാത്രം പതിനൊന്നു ഗോളും എട്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
അതേ സമയം സാഞ്ചോക്കു പകരക്കാരൻ എന്ന നിലയിലല്ലെങ്കിലും ഇറ്റാലിയൻ ക്ലബായ അറ്റലാന്റയുടെ വിങ്ങറായ അമാഡ് ട്രയോറയെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ യുഡിനസിനെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ പതിനെട്ടുകാരനായ ട്രയോറക്കു കഴിഞ്ഞിരുന്നു. എന്നാൽ താരത്തിനായി മറ്റു സീരി എ ക്ലബുകളും രംഗത്തുണ്ട്.
അടുത്ത സീസണിലെങ്കിലും ഒരു പ്രധാന കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിൽ യുണൈറ്റഡ് പരിശീലകനായ സോൾഷയറിന് ക്ലബിൽ തുടരാനാകില്ലെന്നതുറപ്പാണ്. എന്നാൽ കിരീടം സ്വന്തമാക്കാൻ ചില പൊസിഷനുകളിലേക്ക് താരങ്ങളെയെത്തിക്കേണ്ടതും അത്യാവശ്യമാണ്. നിലവിലെ പ്രതിസന്ധിയും ക്ലബുകളുടെ ഡിമാൻഡുമാണ് ഇക്കാര്യത്തിൽ യുണൈറ്റഡിനു പ്രധാന തിരിച്ചടി.