ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരമായ തിയാഗോ അൽകാൻട്രയെ സ്വന്തമാക്കാനുള്ള ലിവർപൂളിന്റെ നീക്കങ്ങൾക്കു വെല്ലുവിളിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണു ശേഷം ജർമൻ ക്ലബ് വിടുമെന്നുറപ്പിച്ചു നിൽക്കുന്ന സ്പാനിഷ് താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുണ്ടെന്ന് ജർമൻ മാധ്യമം ബിൽഡ് ആണു റിപ്പോർട്ടു ചെയ്തത്.
പെപ് ഗാർഡിയോള ബയേണിൽ എത്തിയതോടെ ബാഴ്സ വിട്ട് ജർമൻ ക്ലബിലേക്കു ചേക്കേറിയ തിയാഗോ ക്ലബിന്റെ മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. അടുത്ത വർഷം കരാർ അവസാനിക്കാനിരിക്കുന്ന ഇരുപത്തിയൊൻപതുകാരനായ തിയാഗോയെ നിലനിർത്താൻ ബയേണിനു താൽപര്യമുണ്ടെങ്കിലും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനാണു താരം ക്ലബ് വിടുന്നതെന്ന് ബയേൺ ചീഫ് റുമനിഗെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പിനു വളരെയധികം ഇഷ്ടമുള്ള കളിക്കാരനാണു തിയാഗോ. ലിവർപൂളിനോടുള്ള തന്റെ താൽപര്യം കഴിഞ്ഞ വർഷം തിയാഗോയും വെളിപ്പെടുത്തിയിരുന്നു. ഇതാണ് താരം ലിവർപൂളിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണം. എന്നാൽ ലിവർപൂളിന്റെ നീക്കങ്ങളെ അട്ടിമറിച്ച് തിയാഗോയെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.
അടുത്ത വർഷം കരാർ അവസാനിക്കാനിരിക്കുന്ന തിയാഗോയെ കൂടിയ ട്രാൻസ്ഫർ തുകയും പ്രതിഫലവും വാഗ്ദാനം ചെയ്തു ടീമിലെത്തിക്കാനാണ് യുണൈറ്റഡിന്റെ ശ്രമം. എന്നാൽ സ്പാനിഷ് താരത്തെ ജർമനിയിൽ തന്നെ നിലനിർത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നാണ് ബയേൺ പരിശീലകൻ ഫ്ളിക്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.