ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇതു വരെയായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ ഒരേയൊരു കളിക്കാരനായ ഡോണി വാൻ ബീക്കിനെ ആദ്യ ഇലവനിൽ നിന്നും നിരന്തരം തഴയുന്നതിനെതിരെ താരത്തിന്റെ ഏജന്റ് സ്യാക്ക് സ്വാർട്ട്. നാൽപത്തിയഞ്ചു ദശലക്ഷം യൂറോയോളം മുടക്കി യുണൈറ്റഡ് സ്വന്തമാക്കിയ താരത്തിന് ആദ്യത്തെ രണ്ടു മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം.
“ഒരു പകരക്കാരനായി വാൻ ബീക്ക് കളിക്കുന്നത് എനിക്കു താങ്ങാൻ കഴിയാത്ത കാര്യമാണ്. വെറും നാലു മിനുട്ട് കളിക്കാൻ വേണ്ടി മൈതാനത്തിറങ്ങുന്നത് ആർക്കാണു ഇഷ്ടമാവുക.” സ്വാർട്ട് പറഞ്ഞു.
കളിച്ച രണ്ടു മത്സരത്തിലും വാൻ ബീക്ക് മികവു കാണിച്ചതും സ്വാർട്ട് ചൂണ്ടിക്കാണിച്ചു. ക്രിസ്റ്റൽ പാലസിനെതിരെ യുണൈറ്റഡിന്റെ ആശ്വാസഗോൾ നേടിയ വാൻ ബീക്ക് ബ്രൈറ്റണെതിരെ വിജയമുറപ്പിച്ച ഗോളിനു കാരണമായ പെനാൽട്ടിക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു. എങ്കിലും അവസാന മത്സരത്തിൽ യുണൈറ്റഡ് ഏഴു ഗോളിനെങ്കിലും തോൽക്കേണ്ടതായിരുന്നു എന്നാണ് സ്വാർട്ടിന്റെ അഭിപ്രായം.
കറബാവോ കപ്പിൽ ലൂട്ടനെതിരെ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിൽ മാത്രമാണ് വാൻ ബീക്ക് ആദ്യ ഇലവനിൽ ഇറങ്ങിയത്. അവസരം ലഭിക്കുമ്പോൾ മികവു കാണിക്കുന്ന താരത്തെ സ്ഥിരമായി കളിപ്പിക്കണമെന്ന് ആരാധകരും ആവശ്യപ്പെടുന്നുണ്ട്.