ലയണൽ മെസി ബാഴ്സ വിടുകയാണെങ്കിൽ പകരക്കാരനായി ബാഴ്സ ലക്ഷ്യമിടുന്ന താരങ്ങളുടെ ലിസ്റ്റിലുള്ള ഒരാളാണ് സാഡിയോ മാനേ. ലിവർപൂളിന്റെ പ്രധാന താരമായ മാനേക്കും ബാഴ്സയിലേക്കു ചേക്കേറാൻ താൽപര്യമുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെസി ടീം വിട്ടാലും ഇല്ലെങ്കിലും അക്കാര്യം താരം പരിഗണിക്കുമെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടീവോയാണ് ഇക്കാര്യം പുറത്തു വിട്ടത്.
ലിവർപൂളിന്റെ ഇപ്പോഴത്തെ കുതിപ്പിൽ നിർണായക പങ്കു വഹിച്ച കളിക്കാരനാണ് മാനേ. റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടു പടുത്തുയർത്തി ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടനേട്ടങ്ങളിൽ സെനഗൽ താരവും ഭാഗമായി. എന്നാൽ തന്റെ മുൻ പരിശീലകനായ റൊണാൾഡ് കൂമാനു കീഴിൽ കളിക്കാൻ താരത്തിനു താൽപര്യമുണ്ടെന്നാണ് സ്പാനിഷ് മാധ്യമം റിപ്പോർട്ടു ചെയ്യുന്നത്.
രണ്ടു വർഷം സതാംപ്ടൺ കോച്ചായിരുന്ന കൂമാൻ മാനേയെ മികച്ച മുന്നേറ്റനിര കളിക്കാരനായി തേച്ചു മിനുക്കി എടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച പരിശീലകനാണ്. ലിവർപൂളിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നിട്ടും വ്യക്തിപരമായി തനിക്കു കിട്ടേണ്ട ബഹുമാനം ഇംഗ്ലണ്ടിൽ നിന്നും ലഭിക്കുന്നില്ലെന്ന ചിന്ത മാനേക്കുണ്ട്. ഇതിനെത്തുടർന്നാണ് സെനഗൽ താരം സ്പെയിനിലേക്കുള്ള ട്രാൻസ്ഫർ പരിഗണിക്കുന്നത്.
ലിവർപൂളിന്റെ വിജയങ്ങളിൽ സലാ, വാൻ ഡൈക്ക്, ഹെൻഡേഴ്സൻ എന്നിവരാണ് കൂടുതൽ വാഴ്ത്തപ്പെടുന്നത്. ടീമിനു വേണ്ടി കഠിനാധ്വാനം ചെയ്തിട്ടും തനിക്കു വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിലും സലായുടെ ഈഗോയും താരത്തെ നിരാശനാക്കുന്നു. എന്നാൽ ക്ളോപ്പുമായി നല്ല ബന്ധം മാനേ കാത്തു സൂക്ഷിക്കുന്നുണ്ട്.