ഈ സീസണു ശേഷം പിഎസ്ജി വിടണമെന്ന തീരുമാനം ക്ലബ് നേതൃത്വത്തെ അറിയിച്ച എംബാപ്പെ റയൽ മാഡ്രിഡിലേക്കു ചേക്കേറാനാണ് ഏറ്റവുമധികം സാധ്യതയെന്ന് സ്പാനിഷ് മാധ്യമം എഎസ് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് കരാർ അവസാനിക്കാൻ രണ്ടു വർഷം മാത്രം ബാക്കിയുള്ള താരം അടുത്ത സമ്മറിൽ ക്ലബ് വിടാനുള്ള താൽപര്യം പ്രകടിപ്പിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി ടൈംസ് വെളിപ്പെടുത്തിയത്.
താൻ ചെറുപ്പം മുതലേ ആരാധിക്കുന്ന ഇതിഹാസതാരമായ സിദാന്റെ സാന്നിധ്യമാണ് എംബാപ്പയെ സ്വന്തമാക്കാൻ റയലിനു മുൻതൂക്കം നൽകുന്നത്. സിദാനു കീഴിൽ കളിക്കാൻ എംബാപ്പെക്കു വളരെയധികം താൽപര്യമുണ്ട്. ഇതു മുതലെടുത്ത് 300 മില്യൺ യൂറോ പിഎസ്ജി വിലയിട്ടിട്ടുള്ള താരത്തിനായുള്ള ചർച്ചകൾ ആരംഭിക്കാനാണ് റയൽ ഒരുങ്ങുന്നത്.
ഈ സീസൺ അവസാനിച്ചാൽ എംബാപ്പെക്ക് പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ മാത്രമേ ബാക്കിയുണ്ടാകൂ. 2022ൽ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാനൊരുങ്ങുന്ന താരത്തെ അടുത്ത സമ്മറിൽ വിൽക്കാൻ പിഎസ്ജി നിർബന്ധിതരാണ്. ഈയവസരത്തിൽ താരത്തെ 150 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസിൽ ടീമിലെത്തിക്കാമെന്നാണ് റയൽ കണക്കു കൂട്ടുന്നത്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ റയൽ ഒരു താരത്തെയും സ്വന്തമാക്കാത്തത് എംബാപ്പെയുടെ ട്രാൻസ്ഫർ ഫീസ് സമാഹരിക്കാനാണെന്നു പറയാവുന്നതാണ്. എന്നാൽ റയലിനു വെല്ലുവിളിയുയർത്തി വമ്പൻ ക്ലബുകളുടെ ഒരു നിര തന്നെ എംബാപ്പെക്കു വേണ്ടി രംഗത്തുണ്ടാകും എന്നുറപ്പാണ്.