ബാഴ്‌സലോണ താരങ്ങളിൽ സാവിയുണ്ടാക്കിയ പ്രധാന മാറ്റമെന്താണെന്നു വ്യക്തമാക്കി മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ

പരിക്ക് കാരണം ശസ്ത്രക്രിയക്ക് വിധേയനായി തിരിച്ചെത്തിയ മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ ഈ സീസണിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇരുപത് ലീഗ് മത്സരങ്ങൾ കളിച്ച താരം അതിൽ വഴങ്ങിയിരിക്കുന്നത് ഏഴു ഗോളുകൾ മാത്രമാണ്. പതിനഞ്ചു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടിയ താരം മികച്ച ഗോൾകീപ്പർക്കുള്ള സമോറ ട്രോഫി പോരാട്ടത്തിൽ മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിലാണ്.

സാവി പരിശീലകനായി എത്തിയതിനു ശേഷമാണ് ബാഴ്‌സലോണയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടായത്. കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ ടീം നിലവിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സാവി ടീമിലേക്ക് വന്നതിനു ശേഷം ബാഴ്‌സലോണ താരങ്ങളിൽ ഉണ്ടാക്കിയ പ്രധാന മാറ്റത്തെക്കുറിച്ച് ജർമൻ ഗോൾകീപ്പർ സംസാരിക്കുകയുണ്ടായി.

“സാവി ബാഴ്‌സലോണയിൽ വളരെ മികച്ച പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടീമിന്റെ മനോഭാവം മാറ്റിയെടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിലദ്ദേഹം വിജയിക്കുകയും ചെയ്‌തു. സങ്കീർണമായ മത്സരങ്ങളിൽ വിജയം നേടുന്നതിന് ഈ മാറ്റം ഞങ്ങളെ സഹായിച്ചിട്ടുണ്ട്.” വിയ്യാറയലിനെതിരായ മത്സരത്തിന് മുന്നോടിയായി താരം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

“ഈ വർഷം, ഇതുവരെയുള്ള ഫലങ്ങൾ വളരെ മികച്ചതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതുപോലെ തന്നെ ഇനിയും തുടരണം. കാരണം, ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കാൻ ബാക്കിയുള്ളതിനാൽ ഞങ്ങളാൽ കഴിയുന്ന രീതിയിൽ എല്ലാം സ്വന്തമാക്കാൻ ശ്രമിക്കണം. ഞങ്ങൾക്ക് ചെറിയ മുൻതൂക്കമുണ്ട്, പക്ഷെ ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കി കിടപ്പുണ്ട്.” ടെർ സ്റ്റീഗൻ പറഞ്ഞു.

ഈ സീസണിൽ ലീഗിൽ കുതിക്കുന്ന ബാഴ്‌സലോണ റയൽ മാഡ്രിഡിനെ കീഴടക്കി സ്‌പാനിഷ്‌ സൂപ്പർകപ്പും സ്വന്തമാക്കിയിരുന്നു. എന്നാൽ പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായത് അവർക്ക് ക്ഷീണമാണ്. വിയ്യാറയലിനെതിരായ ലീഗ് മത്സരത്തിന് ശേഷം യൂറോപ്പ ലീഗ് പ്ലേ ഓഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് ബാഴ്‌സലോണ നേരിടാനൊരുങ്ങുന്നത്.

Rate this post
Fc Barcelona