മാഴ്‌സെലോ കളിച്ചാൽ റയൽ മാഡ്രിഡ്‌ ജയിക്കില്ല? പുതിയ കണക്കുകൾ പറയുന്നു.

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം മാഴ്‌സെലോക്ക് ഇപ്പോൾ നല്ല കാലമല്ല എന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. എന്നാൽ ആ മത്സരത്തിൽ ദുർബലരായ കാഡിസിനോട്‌ റയൽ മാഡ്രിഡ്‌ അട്ടിമറി തോൽവിയേറ്റുവാങ്ങുകയായിരുന്നു. ഈ അടുത്ത കാലത്തായിട്ട് മാഴ്‌സെലോ ആദ്യ ഇലവനിൽ ഇടം കണ്ടെത്തുന്ന ഒട്ടുമിക്ക മത്സരങ്ങളിലെല്ലാം റയൽ മാഡ്രിഡ്‌ വിജയക്കാതിരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

പുറത്തുവരുന്ന കണക്കുകളും ഇതുതന്നെയാണ് ശരി വെക്കുന്നത്. 2018/19 സീസൺ മുതൽ മാഴ്‌സെലോ സ്റ്റാർട്ട്‌ ചെയ്ത മത്സരങ്ങളിൽ പലതിലും റയൽ മാഡ്രിഡിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. 2018/19 സീസണിലെ യുവേഫ സൂപ്പർ കപ്പിൽ അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരം മുതൽ മാഴ്‌സെലോക്ക് കഷ്ടകാലമാണ്. 55 മത്സരങ്ങളിലാണ് അന്ന് മുതൽ ഇന്ന് വരെ താരം സ്റ്റാർട്ട്‌ ചെയ്തത്. അതിൽ കേവലം മുപ്പത് മത്സരങ്ങളിൽ മാത്രമാണ് വമ്പൻമാരായ റയലിന് വിജയിക്കാൻ സാധിച്ചത്.

അതായത് അൻപത്തിനാലു ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. പതിമൂന്ന് ശതമാനം സമനിലയിൽ കലാശിച്ചപ്പോൾ മുപ്പത്തിമൂന്ന് ശതമാനം തോൽക്കുകയാണ് ചെയ്തത്. അതായത് നാല്പത്തിയാറ് ശതമാനം മത്സരങ്ങളിലും റയലിന് വിജയിക്കാൻ സാധിച്ചിട്ടില്ല. 2018 മുതൽ ലോപെട്യുഗി, സോളാരി, സിദാൻ എന്നിവർക്ക് കീഴിൽ 38 മത്സരങ്ങളാണ് മാഴ്‌സെലോ ലാലിഗ കളിച്ചിട്ടുള്ളത്. ഇതിൽ അൻപത് ശതമാനം മാത്രമാണ് റയലിന് വിജയിക്കാൻ സാധിച്ചത്. പതിമൂന്ന് ശതമാനം സമനിലയിൽ കലാശിച്ചപ്പോൾ മുപ്പത്തിയേഴ് ശതമാനം റയൽ തോൽക്കുകയാണ് ചെയ്തത്.

എന്നാൽ ടീം വിട്ട റെഗിലോൺ, നിലവിലെ താരമായ മെന്റി എന്നിവർക്ക് കീഴിൽ റയലിന് വിജയം കണ്ടെത്താനാവുന്നുണ്ട്. ലോപെട്യുഗിക്ക് കീഴിൽ വന്ന റെഗിലോൺ പതിനഞ്ച് വിജയവും ആറു തോൽവിയുമാണ് നേടിയിരുന്നത്. 68 ശതമാനം വിജയമുണ്ട്. മെന്റി ഇതിനേക്കാൾ മികവ് കാണിക്കുന്നുണ്ട്. ലാലിഗയിൽ സ്റ്റാർട്ട്‌ ചെയ്തു ഒരൊറ്റ മത്സരത്തിൽ പോലും മെന്റി തോറ്റിട്ടില്ല. 22 മത്സരങ്ങൾ കളിച്ചപ്പോൾ 16 എണ്ണത്തിൽ വിജയിക്കുകയും ബാക്കി സമനിലയാവുകയുമാണ് ചെയ്തത്. ഏതായാലും മാഴ്‌സെലോക്ക് ഇനി അധികം റയലിൽ ഇലവനിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.

Rate this post