യൂറോപ്പിൽ നിന്നും വീണ്ടുമൊരു കിടിലൻ താരത്തെ സ്വന്തമാക്കി അൽ ഹിലാൽ |Saudi Arabia

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്‌ അൽ നസ്ർ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചതിന് പിന്നാലെ സൗദി ക്ലബ്ബുകൾ യൂറോപ്പിൽ നിന്നും വമ്പന്മാരെ പൊക്കുകയാണ്. കരീം ബെൻസീമ, കൗലി ബാലി, അലക്സ്‌ ടെല്ലസ്, കാന്റെ, സിയെച്ച് തുടങ്ങിയ വമ്പന്മാരെ ഇതിനോടകം തന്നെ നിരവധി സൗദി ക്ലബ്ബുകൾ തങ്ങളുടെ ടീമിൽ എത്തിച്ചിരുന്നു.

കരിയർ അവസാനിക്കാറായ താരങ്ങളെയാണ് സൗദി ക്ലബ്ബുകൾ റാഞ്ചുന്നതെന്ന വിമർശനം യൂറോപ്പിൽ നിന്നുയരുന്നുണ്ടെങ്കിലും കരിയറിന്റെ മികച്ച സമയത്തിലൂടെ കടന്ന് പോകുന്ന വമ്പന്മാരെയും സൗദി ക്ലബ്ബുകൾ സ്വന്തമാക്കി ആ വിമർശനങ്ങളുടെ നടുവൊടിച്ചു. ബ്രോൻസോവിച്ച്, അലക്സ്‌ ടെല്ലസ്, സിയെച്ച് തുടങ്ങിയവർ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ യൂറോപ്പിൽ മിന്നും ഫോമിൽ പന്ത് തട്ടുന്ന മറ്റൊരു താരത്തെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് സൗദി ചാമ്പ്യൻമാരായ അൽ ഹിലാൽ.

ഇതിനോടകം ലയണൽ മെസ്സിക്കും എംബാപ്പെയ്ക്കും കണ്ണ് തള്ളുന്ന വിലയിട്ട് ഞെട്ടിച്ച അൽ ഹിലാൽ ഫ്രഞ്ച് ക്ലബ്‌ പിഎസ്ജിയുടെ മധ്യനിര താരം മാർക്കോ വെരാട്ടിയെയാണ് സ്വന്തമാക്കിയിരിക്കുന്നത്. അൽ ഹിലാലിന്റെ 3 വർഷത്തെ കരാറും വേതന വാഗ്ദാനവും താരം അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ താരത്തിന്റെ കൈ മാറ്റ തുകയുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ കൂടി പൂർത്തീകരിക്കേണ്ടതുണ്ട്. 25 മില്യണാണ് അൽ ഹിലാൽ വാഗ്ദാനം ചെയ്ത ബിഡ്. എന്നാൽ പിഎസ്ജി ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ചില ചർച്ചകൾ പൂർത്തികരിക്കാൻ ബാക്കിയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഉടൻ തന്നെ ഇരു ക്ലബ്ബുകളും അന്തിമ തീരുമാനത്തിലേത്തുമെന്ന് ഉറപ്പാണ്.

സൗദി ചാമ്പ്യൻമാരായ അൽ ഹിലാൽ ഈ ട്രാൻസ്ഫർ വിന്ഡോയിൽ മികച്ച താരങ്ങളെ സ്വന്തമാക്കിയിരുന്നു. മിലൻകോവിച്ച് സാവിക്ക്, റുബൻ നെവെസ്, കൗലിബാലി, മാൽക്കം എന്നിവരെ ഇതിനോടകം അൽ ഹിലാൽ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചിരുന്നു. ഇവർക്കൊപ്പം വെറാറ്റി കൂടി ചേരുന്നതോടെ അൽ ഹിലാൽ കൂടുതൽ ശക്തമാവും. 2012 മുതൽ 11 വർഷക്കാലം പിഎസ്ജിയ്ക്ക് വേണ്ടി പന്ത് തട്ടിയ വെരാറ്റി പാരിസിന്റെയും ഇറ്റാലിയൻ ടീമിന്റെയും പ്രധാന മധ്യനിര താരങ്ങളിൽ ഒരാളാണ്.

5/5 - (1 vote)