രണ്ടു താരങ്ങൾ നിരീക്ഷണത്തിൽ, അർജന്റീന ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായുള്ള ഫ്രണ്ട്ലി മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ 5 ഗോളുകൾക്കാണ് അർജന്റീന UAE യെ പരാജയപ്പെടുത്തിയത്.ഡി മരിയ രണ്ട് ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സി,ജൂലിയൻ ആൽവരസ്,ജോക്കിൻ കൊറേയ എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയത്.

ഈ മത്സരത്തിനുശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനി ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതായത് ടീമിൽ ഫിറ്റ്നസിന്റെ പ്രശ്നങ്ങൾ ഉണ്ടെന്നും സ്‌ക്വാഡിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട് എന്നുമായിരുന്നു സ്കലോനി പറഞ്ഞിരുന്നത്.ഇതുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകൾ ഇപ്പോൾ അർജന്റീന മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ഡിഫന്റർ ക്രിസ്റ്റ്യൻ റൊമേറോയുടെ പരിക്ക് ഭേദമായിട്ടില്ലെന്നും അദ്ദേഹത്തിന് സ്ഥാനം നഷ്ടമാകും എന്നുമായിരുന്നു തുടക്കത്തിലെ റൂമറുകൾ.പക്ഷെ റൊമേറോക്ക് പ്രശ്നങ്ങളൊന്നുമില്ല.ആദ്യ മത്സരത്തിന് അദ്ദേഹം തയ്യാറായിക്കഴിഞ്ഞു എന്നുള്ളത് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം മാർക്കോസ്‌ അക്കൂന കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ട്. പക്ഷേ സ്‌ക്വാഡിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തേണ്ട ഒരു സാഹചര്യം ഇവിടെയില്ല. മറിച്ച് നിക്കോളാസ് ഗോൺസാലസിന്റെ കാര്യത്തിലാണ് ഇപ്പോൾ പ്രശ്നങ്ങളുള്ളത്.അദ്ദേഹത്തിന്റെ പരിക്കിൽ നിന്നും ഭേദമാവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

അങ്ങനെയെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായേക്കും.എയ്ഞ്ചൽ കൊറേയ,അലെജാൻഡ്രോ ഗർനാച്ചോ എന്നിവരിൽ പകരമായി കൊണ്ട് ഒരാളെ പരിഗണിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പക്ഷേ ഇതൊക്കെ കേവലം സൂചനകൾ മാത്രമാണ്.സ്കലോനി എന്ത് മാറ്റമാണ് വരുത്തുക എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Rate this post
ArgentinaFIFA world cupQatar2022