റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം തഴഞ്ഞ് ഫ്രഞ്ച് ലീഗ് ക്ലബ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പൂർണമായും സംതൃപ്തനല്ലാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ ക്ലബ് വിടാനുള്ള സാധ്യതകൾ തേടിയിരുന്നു. നിരവധി ക്ലബുകളെയും താരത്തെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും റൊണാൾഡോയുടെ പ്രായവും ഉയർന്ന വേതനവും കാരണം അവരൊന്നും ട്രാൻസ്‌ഫർ നീക്കങ്ങൾ ഊർജ്ജിതമാക്കിയില്ല. എങ്കിലും ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്നതിനു വേണ്ടി ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപു തന്നെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ വേണ്ടി ശ്രമം നടത്തുകയാണ്.

അതിനിടയിൽ മറ്റൊരു ക്ലബ് കൂടി റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം നിഷേധിച്ചുവെന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിട്ടുള്ള ക്ലബായ മാഴ്‌സയാണ് റൊണാൾഡോയെ സ്വന്തമാക്കാൻ ലഭിച്ച അവസരം വേണ്ടെന്നു വെച്ചത്. റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസ് പോർച്ചുഗീസ് താരത്തിന്റെ സേവനങ്ങൾ വാഗ്‌ദാനം ചെയ്‌തെങ്കിലും ട്രാൻസ്‌ഫറിൽ യാതൊരു താത്പര്യവുമില്ലെന്നാണ് മാഴ്‌സ അറിയിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഴ്‌സയിലേക്ക് ചേക്കേറിയിരുന്നെങ്കിൽ ഒരിക്കൽ കൂടി ലയണൽ മെസിയും താരവും ഒരേ ലീഗിൽ എതിരാളികളായി വരാനുള്ള അവസരം ഉണ്ടാകുമായിരുന്നു. ഇതിനു മുൻപ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എതിരാളികളായി ഒരേ ലീഗിൽ കളിച്ചിട്ടുള്ളത് സ്പെയിനിൽ മാത്രമാണ്. 2018ൽ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയപ്പോൾ കഴിഞ്ഞ സമ്മർ ജാലകത്തിലാണ് ലയണൽ മെസി ബാഴ്‌സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ എത്തുന്നത്.

നേരത്തെ പിഎസ്‌ജിക്കും റൊണാൾഡോയെ സ്വന്തമാക്കാൻ അവസരം ഉണ്ടായിരുന്നു എങ്കിലും അവരും താരത്തെ വേണ്ടെന്നു വെക്കുകയായിരുന്നു. ഇതോടെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി ക്ലബുകളാണ് റൊണാൾഡോയെ തഴഞ്ഞത്. മാഴ്‌സക്കും പിഎസ്‌ജിക്കും പുറമെ ബയേൺ മ്യൂണിക്ക്, ചെൽസി, അത്ലറ്റികോ മാഡ്രിഡ്, എസി മിലാൻ, ഇന്റർ മിലാൻ, റയൽ മാഡ്രിഡ് എന്നീ ക്ലബുകളെല്ലാം റൊണാൾഡോയെ സ്വന്തമാക്കാൻ താത്പര്യമില്ലെന്നാണ് അറിയിച്ചത്. ഇതിനിടയിൽ ബാഴ്‌സലോണയുമായി ബന്ധപ്പെട്ടും അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അവരും അതിനോട് അനുകൂല നിലപാട് എടുത്തില്ല.

Rate this post