കുറച്ചു താരങ്ങളെ വിറ്റുകിട്ടിയതോടെ ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കർ ലൗറ്റാരോ മാർട്ടിനെസിനായുള്ള ശ്രമം പുനരാരംഭിച്ചിരിക്കുകയാണ് ബാഴ്സ. ബാഴ്സയിൽ നിന്നും ആർതർ മെലോ, വിദാൽ, റാകിറ്റിച്ച്,സെമെഡോ എന്നിവർക്കൊപ്പം സുവാരസും ക്ലബ്ബ് വിട്ടതോടെ പുതിയ താരങ്ങൾക്കായി ബാഴ്സ ശ്രമം തുടങ്ങിയിരിക്കുകയാണ്. ബാഴ്സയുടെ പ്രഥമദൗത്യം സുവാരസിന് പകരക്കാരനെ കണ്ടെത്തുകയെന്നത് തന്നെയായിരിക്കും.
കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികമായി തകർന്ന ബാഴ്സക്ക് താരങ്ങളെ വാങ്ങാൻ കുറെയധികം താരങ്ങളെ വിറ്റൊഴിവാക്കിയാലേ സാധ്യമാവുകയുള്ളൂയെന്ന അവസ്ഥയിലാണുള്ളത്. അതിനാൽ തന്നെ അടുത്തിടെ നടന്ന വിദാൽ സെമെഡോ സുവാരസ് ട്രാൻസ്ഫറിൽ നിന്നും ബാഴ്സക്ക് ലഭിച്ച തുക കൊണ്ട് മാർട്ടിനസിനായി അവസാനശ്രമത്തിന് ഒരുങ്ങിയിരിക്കുകയാണ് ബാഴ്സ.
ഇന്റർ മിലാൻ ഇതുവരെ മാർട്ടിനസിന്റെ വില 90 മില്യൺ യൂറോയിൽ നിന്നും കുറക്കാൻ തയ്യാറായിട്ടില്ലെന്നതാണ് ബാഴ്സക്ക് തലവേദനയാവുന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ അനുസരിച്ച് അവസാന മൂന്നുതാരങ്ങളുടെ വില്പനയിൽ 64 മില്യൺ യൂറോ ശമ്പളം വെട്ടിക്കുറക്കലും വില്പനത്തുകയുമായി ബാഴ്സക്ക് ലഭിച്ചുവെന്നാണ് കണക്കുകൾ. ഈ തുക കൊണ്ടാണ് ബാഴ്സ അവസാനശ്രമത്തിനൊരുങ്ങുന്നത്.
അക്രമണനിരയിലല്ലാതെ പ്രതിരോധനിരയിലും ശക്തികൂട്ടാൻ താരങ്ങളെ കൂമാൻ ബാഴ്സയോട് ആവശ്യപ്പെടുന്നുണ്ട്. സെന്റർ ബാക്ക്, റൈറ്റ്ബാക്ക് പൊസിഷനുകളിലാണ് കൂമാനു താരങ്ങളെ ആവശ്യമായുള്ളത്. മെംഫിസ് ഡീപേയെയാണ് കൂമാൻ മാർട്ടിനസിനെക്കാൾ പ്രാധാന്യം കൽപ്പിക്കുന്നതെങ്കിലും മാർട്ടിനസ് മാസങ്ങളായി ബാഴ്സയുടെ പ്രഥമപരിഗണനയിലുള്ള താരമാണ്. ഇവരുടെ സേവനം ലഭ്യമായില്ലെങ്കിൽ ജിറോണതാരം ക്രിസ്ത്യൻ സ്റ്റുവാനിയെയും ബാഴ്സ നോട്ടമിടുന്നുണ്ട്. എന്നിരുന്നാലും മാർട്ടിനെസിനായി അവസാനശ്രമം നടത്താൻ തന്നെയാണ് ബാഴ്സയുടെ നീക്കം