കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫയുടെ ബെസ്റ്റ് പുരസ്കാരം നേടിയത് അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസാണ്.റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായ കോർട്ടുവയായിരുന്നു എമിയുടെ പ്രധാന എതിരാളി.എന്നാൽ അദ്ദേഹത്തെ മറികടന്നുകൊണ്ട് വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് കൂടിയായ എമി അവാർഡ് നേടുകയായിരുന്നു.
പക്ഷേ പലവിധ വിമർശനങ്ങളാണ് ഇതിന്റെ പേരിൽ ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നത്.എമിലിയാനോ മാർട്ടിനസിനെക്കാൾ കൂടുതൽ അർഹത റയൽ മാഡ്രിഡ് ഗോൾകീപ്പറായ കോർട്ടുവക്കാണ് എന്നാണ് പല വിമർശകരും ഉന്നയിക്കുന്നത്.കോർട്ടുവയെ ഫിഫ തങ്ങളുടെ ബെസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു.അതേസമയം പുരസ്കാര ജേതാവായ എമി എന്തുകൊണ്ട് ബെസ്റ്റ് ഇലവനിൽ ഇടം നേടിയില്ല എന്നും പലരും ചോദിക്കുന്നുണ്ട്.
എമിലിയാനോ മാർട്ടിനസ്,കോർട്ടുവ എന്നിവർക്കൊപ്പം മത്സരിച്ചിരുന്നത് മൊറോക്കയുടെ ഗോൾകീപ്പറായ യാസിൻ ബോനോ ആയിരുന്നു.കഴിഞ്ഞ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയതുകൊണ്ടാണ് ഇദ്ദേഹം ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത്.പക്ഷേ ഇദ്ദേഹം എമി മാർട്ടിനസിനെ പ്രശംസിച്ചു കൊണ്ടാണ് സംസാരിച്ചത്.എമിലിയാനോ അർഹിക്കുന്നു എന്നാണ് ഈ ഗോൾകീപ്പർ പറഞ്ഞത്.നമ്മളെല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
‘ഈ അവാർഡിന്റെ കാര്യത്തിൽ എല്ലാ കാൻഡിഡേറ്റുകളും അർഹരാണ്. എമിലിയാനോ മാർട്ടിനസാണ് അവാർഡ് നേടിയത്.തീർച്ചയായും ഈ ബെസ്റ്റ് പുരസ്കാരം അദ്ദേഹം അർഹിക്കുന്നുണ്ട്.കാരണം കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അദ്ദേഹമായിരുന്നു അർജന്റീനയുടെ നിർണായക താരം. നമ്മളെല്ലാവരും നിർബന്ധമായും അദ്ദേഹത്തെ അഭിനന്ദിക്കേണ്ടതുണ്ട് ‘ മൊറോക്കോയുടെ ഗോൾകീപ്പർ ഈ പുരസ്കാരത്തെപ്പറ്റി പറഞ്ഞു.
ക്ലബ്ബ് തലത്തിൽ വലിയ നേട്ടങ്ങൾ ഒന്നും അവകാശപ്പെടാൻ എമി മാർട്ടിനസിനില്ല. പക്ഷേ ദേശീയതലത്തിൽ അസാധാരണമായ കണക്കുകൾ അവകാശപ്പെടാൻ അദ്ദേഹത്തിന് കഴിയും.കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്ക് പുറമേയാണ് വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നത്.ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി കൊണ്ട് അദ്ദേഹം മാറുകയും ചെയ്തു.