അർജൻറീനിയൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ലയിലേക്കു ചേക്കേറിയത് ആഴ്സനലിനെ സംബന്ധിച്ച് വലിയൊരു ത്യാഗമായിരുന്നെന്ന വെളിപ്പെടുത്തലുമായി പരിശീലകൻ അർടേട്ട. പത്തു വർഷത്തോളം ആഴ്സനൽ താരമായിരുന്ന മാർട്ടിനസിനെ ഇരുപതു മില്യൺ യൂറോക്കാണ് ആസ്റ്റൺ വില്ല സ്വന്തമാക്കിയത്. ഇത് ആഴ്സനൽ നോട്ടമിട്ടിരിക്കുന്ന താരങ്ങളെ സ്വന്തമാക്കാൻ സഹായിക്കുമെന്നാണ് അർടേട്ട പറയുന്നത്.
“സാമ്പത്തിക സാഹചര്യങ്ങളെ നോക്കി ടീമിനു ബാലൻസ് സൃഷ്ടിക്കേണ്ടത് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. അതിനു വേണ്ടി ചില ത്യാഗങ്ങൾ സഹിക്കേണ്ടി വരും. അതു ശരിയാണോ തെറ്റാണോയെന്ന് കാലമാണു തെളിയിക്കുക. മികച്ച പ്രകടനം ഉറപ്പു തരുന്ന തരത്തിൽ ഒരു ഗോളിയെ ലഭിക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്.” മാർട്ടിനസ് ട്രാൻസ്ഫറിനെ കുറിച്ച് അർടേട്ട പറഞ്ഞു.
ജർമൻ ഗോൾകീപ്പറായ ലെനോ പരിക്കേറ്റതോടെയാണ് മാർട്ടിനസിന് കഴിഞ്ഞ സീസണിൽ ആഴ്സനലിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത്. അതു മുതലാക്കിയ താരം തകർപ്പൻ പ്രകടനം പുറത്തെടുത്ത് രണ്ടു കിരീടങ്ങൾ സ്വന്തമാക്കാൻ ആഴ്സനലിനെ സഹായിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സീസൺ ആരംഭിച്ചതോടെ ക്ലബ് വിടാൻ താരം നിർബന്ധിതനായി.
ഫ്രഞ്ച് ക്ലബായ ഡിഹോണിന്റെ താരമായ അലക്സ് റുന്നാഴ്സനെയാണ് മാർട്ടിനസിനു പകരക്കാരനായി ആഴ്സനൽ നോട്ടമിടുന്നത്. എന്നാൽ ഇരുപത്തിയഞ്ചുകാരനായ ഐസ്ലാൻഡ് താരം ടീമിലെത്തുമോയെന്ന കാര്യം തനിക്ക് ഉറപ്പില്ലെന്നും ട്രാൻസ്ഫർ ജാലകത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തതാണു സംഭവിക്കുകയെന്നും അർടേട്ട പറഞ്ഞു.