സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ നിന്നും ദയനീയമായി പുറത്തു പോയതിനു പിന്നാലെ ടീമിന്റെ പരിശീലകസ്ഥാനമൊഴിയാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും മഷറാനോ തന്നെ തൽസ്ഥാനത്ത് തുടരും. ടൂർണമെന്റിൽ കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം വിജയം നേടി ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി അർജന്റീന പുറത്തു പോയതിനു പിന്നാലെയാണ് മഷെറാനോ സ്ഥാനമൊഴിയാൻ തുനിഞ്ഞത്.
ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്താൻ താൻ പരാജയപ്പെട്ടുവെന്നും അതിനാൽ സ്ഥാനമൊഴിയുകയാണ് നല്ലതെന്നുമാണ് പുറത്തായതിനു ശേഷം അദ്ദേഹം പറഞ്ഞത്. മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ഒരു പരിശീലകൻ തുടരുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും നിരവധി മികച്ച യുവതാരങ്ങൾ നിറഞ്ഞ ടീമായ അർജന്റീനക്ക് അതുപോലെയൊരു സാഹചര്യം ഉണ്ടാകരുതെന്നാണ് കരുതുന്നതെന്നും മഷെറാനോ പറഞ്ഞിരുന്നു.
എന്നാൽ സ്ഥാനമൊഴിയാനുള്ള മഷെറാനോയുടെ സന്നദ്ധത അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. അർജന്റീന യൂത്ത് ടീമിന്റെ കോർഡിനേറ്ററായി ബെർണാഡ് റോമെറോ മഷെറാനോ ടീമിനൊപ്പം തുടരുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചു. ചാമ്പ്യൻഷിപ്പിൽ നിന്നുള്ള പുറത്താകൽ താരത്തെ ബാധിട്ടുണ്ടെന്നും എന്നാൽ തുടരാനുള്ള ഓഫർ താരത്തിന് നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
Javier Mascherano offered to continue as Argentina U20 coach. https://t.co/2ydZVNa7I0 pic.twitter.com/ll0f7FMmJ9
— Roy Nemer (@RoyNemer) January 31, 2023
അർജന്റീന യൂത്ത് ടീമിൽ വളരെ കടുപ്പമേറിയ പരീക്ഷണങ്ങളാണ് മഷെറാനോ നേരിടുന്നത്. കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തോൽവി അവർ ഫ്രാൻസിനോട് ഏറ്റു വാങ്ങിയിരുന്നു. ഇതിനു പുറമെ ചാമ്പ്യൻഷിപ്പിൽ ഏറ്റവും മോശമായ രീതിയിൽ അവർ പുറത്തായി. ഗ്രൂപ്പ് ചാമ്പ്യന്മാരായ ബ്രസീലിനോട് നാൽപതു വർഷത്തിനിടയിലെ മോശം തോൽവി ടീം ഏറ്റു വാങ്ങുകയും ചെയ്‌തു.