നിലവിൽ ലിവർപൂളിന്റെ വലകാക്കുന്നത് ബ്രസീലിയൻ സൂപ്പർ ഗോൾകീപ്പർ ആലിസൺ ബക്കറാണ്. 2018-ൽ ഇറ്റാലിയൻ ക്ലബായ റോമയിൽ നിന്നായിരുന്നു താരം ലിവർപൂളിൽ എത്തിയത്. താരത്തിന്റെ വരവോടു കൂടി ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ക്ലബ് വേൾഡ് കപ്പുമൊക്കെ ചെമ്പടക്ക് സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഇതിലൊക്കെ താരം വലിയൊരു നിർണായകതാരമാവുകയും ചെയ്തു.
എന്നാലിപ്പോഴിതാ മറ്റൊരു ബ്രസീലിയൻ ഗോൾകീപ്പറെ കൂടി ആൻഫീൽഡിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്. ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിന്റെ ഗോൾകീപ്പറായ മാഴ്‌സെലോ പിറ്റാലുഗയെയാണ് ലിവർപൂൾ ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ദി മിറർ ആണ് ഈ വാർത്തയുടെ ഉറവിടം. താരത്തിന്റെ ക്ലബായ ഫ്ലൂമിനൻസും ഇക്കാര്യം പുറത്തു വിട്ടിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ മാഴ്‌സെലോ ലിവർപൂൾ താരമാവുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
പതിനേഴുവയസുകാരനായ പിറ്റാലിഗ ഫ്ലൂമിനൻസിലെ നാലാം ഗോൾകീപ്പറാണ്. പക്ഷെ മികച്ച പ്രതിഭാപാടവമുള്ള ഗോൾകീപ്പറാണ് താരം എന്നാണ് ക്ലബ്ബിന്റെ കണ്ടെത്തൽ ഭാവിയിലേക്ക് ഒരു മുതൽകൂട്ടാവും എന്നാണ് ചെമ്പട കണക്കുക്കൂട്ടുന്നത്.താരത്തെ വിൽക്കരുത് എന്നാണ് ഫ്ലൂമിനൻസ് ആരാധകരുടെ ആവിശ്യം. എന്നാൽ ലിവർപൂളിന്റെ ഒരു മില്യൺ യുറോയുടെ ഓഫർ ഫ്ലൂമിനൻസ് സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
യുവതാരങ്ങളെ ലിവർപൂൾ സൈൻ ചെയ്യുന്നില്ല എന്ന വ്യാപകമായ പരാതി ആരാധകർക്കിടയിൽ നിന്നും ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്നാണ് റെഡ്സ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. കൂടാതെ വേറെയും യുവതാരങ്ങളെ ലിവർപൂൾ ലക്ഷ്യം വെച്ചിട്ടുണ്ട്.