റോഡ്രിഗസിനും ബെയ്‌ലിനും പിന്നാലെ മറ്റൊരു സൂപ്പർ താരം കൂടി റയൽ വിടുന്നു.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് റയൽ മാഡ്രിഡ്‌ വിട്ടു എവർട്ടണിലേക്ക് ചേക്കേറിയത്. അതിന് പിന്നാലെ സൂപ്പർ താരമായ ഗാരെത് ബെയ്‌ലും റയൽ മാഡ്രിഡ്‌ വിടാനുള്ള ഒരുക്കത്തിലാണ്. ടോട്ടൻഹാമാണ് ബെയ്‌ലിന്റെ ലക്ഷ്യസ്ഥാനം. ഉടൻ തന്നെ ഔദ്യോഗികസ്ഥിരീകരണമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല മറ്റൊരു റയൽ താരമായ സെർജിയോ റെഗിലോണും റയൽ വിടുകയാണ്. ടോട്ടൻഹാമിലേക്ക് തന്നെയാണ് റെഗിലോണും ചേക്കേറുന്നത്.

ഇപ്പോഴിതാ റയൽ മാഡ്രിഡിന്റെ മറ്റൊരു താരമായ ലൂക്ക ജോവിച്ചും ക്ലബ്ബിന് പുറത്തേക്കുള്ള വഴിയിലാണ്. ലോൺ അടിസ്ഥാനത്തിലാണ് താരം റയൽ വിടാൻ ഒരുങ്ങുന്നത്. അടുത്ത മാസം ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുമ്പേ താരത്തെ ഏതെങ്കിലും ക്ലബ്ബിന് കൈമാറാനാണ് റയൽ മാഡ്രിഡ്‌ ഉദ്ദേശിക്കുന്നത്. സെർബിയൻ താരമായ ജോവിച്ച് ഐന്ത്രാട്ട് ഫ്രാങ്ക്ഫർട്ടിൽ നിന്നായിരുന്നു റയൽ മാഡ്രിഡിൽ എത്തിയത്. കഴിഞ്ഞ ട്രാൻസ്ഫറിലായിരുന്നു താരത്തെ റയൽ സ്വന്തമാക്കിയത്.

എന്നാൽ താരത്തിന് റയൽ മാഡ്രിഡിൽ ഫോം കണ്ടെത്താനായില്ല. കേവലം നാലു മത്സരങ്ങളിൽ മാത്രമാണ് ലാലിഗയിൽ ആദ്യ ഇലവനിൽ ഇടം നേടാൻ ജോവിച്ചിന് കഴിഞ്ഞിട്ടുള്ളത്. അവസരം കിട്ടിയപ്പോഴല്ലാം തീർത്തും നിരാശാജനകമായ പ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതിനാൽ തന്നെ താരത്തെയും കൈവിടാനാണ് റയലിന്റെ തീരുമാനം. എസി മിലാനാണ് താരത്തെ സ്വന്തമാക്കാൻ വേണ്ടി മുൻപന്തിയിൽ ഉള്ളത്. റയൽ മാഡ്രിഡിന്റെ മറ്റൊരു താരമായ ബ്രാഹിം ഡയസ് ഈ സീസണിൽ ലോണിൽ എസി മിലാനിലേക്ക് കൂടുമാറിയിരുന്നു.

പ്രമുഖ മാധ്യമമായ ഡയാറിയോ എഎസ്സ് ആണ് ഈ ഇരുപത്തിരണ്ടുകാരനായ താരം ക്ലബ് വിടുന്ന കാര്യം പുറത്ത് വിട്ടിരിക്കുന്നത്. അതേ സമയം ജോവിച്ച് ക്ലബ് വിടുകയാണെങ്കിൽ മറ്റൊരു താരമായ മയോറോൾ റയലിൽ തന്നെ തുടർന്നേക്കും. ലെവാന്റെയിൽ നിന്ന് ലോൺ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് മയോറോൾ തിരിച്ച് റയൽ മാഡ്രിഡിൽ എത്തിയത്. നിരവധി ക്ലബുകൾ താരത്തിന് വേണ്ടി രംഗത്തുണ്ട്. പതിനഞ്ച് മില്യൺ യുറോയാണ് താരത്തിന് വേണ്ടി റയൽ ആവിശ്യപ്പെടുന്നത്. ഒരുപക്ഷെ നല്ല ഓഫർ വന്നാൽ റയൽ ഈ താരത്തെയും കൈവിടും.

Rate this post
Ac milanluka jovicReal Madrid