അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് പണമൊഴുക്കുമെന്ന് ഏറെക്കുറെ ഉറപ്പായ കാര്യമാണ്. പ്രധാനമായും മൂന്ന് ഫ്രഞ്ച് താരങ്ങളാണ് റയൽ മാഡ്രിഡിന്റെ പ്രഥമപരിഗണനയിൽ ഉള്ളത്. പിഎസ്ജിയുടെ സൂപ്പർ സ്ട്രൈക്കെർ എംബാപ്പെ, റെന്നസിന്റെ യുവമധ്യനിര വിസ്മയം കാമവിങ്ക, ലീപ്സിഗിന്റെ ഡിഫൻഡർ ഉപമെക്കാനോ എന്നിവരെയാണ് റയൽ നോട്ടമിട്ടിരിക്കുന്നത്. ഇവരെ കൂടാതെ മറ്റു ചില താരങ്ങളെയും റയൽ ലക്ഷ്യം വെച്ചിട്ടുണ്ട്.
ഈ സീസണിൽ ഒരൊറ്റ ട്രാൻസ്ഫർ പോലും നടത്താത്ത ടീമാണ് റയൽ മാഡ്രിഡ്. സാധാരണഗതിയിൽ പണമെറിഞ്ഞ് സൂപ്പർ താരങ്ങളെ എത്തിക്കാറുള്ള റയൽ ഇത്തവണ അത് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ അതിന്റെ ക്ഷീണം അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ തീർക്കുമെന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ റയലിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്ന് വ്യക്തമാണ്. പിഎസ്ജി വിടണമെന്ന ആവിശ്യം ഉന്നയിച്ച എംബാപ്പെയുടെ കാര്യത്തിലേക്ക് വന്നാൽ റയലിന് ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് ലിവർപൂൾ സൂചന നൽകിയിട്ടുണ്ട്. ലിവർപൂളിനോടും താല്പര്യമുള്ള എംബാപ്പെയെ എത്തിക്കാൻ കഴിയുമെന്നാണ് ക്ലോപ് വിശ്വസിക്കുന്നത്.
ഇനി കാമവിങ്കയുടെ കാര്യത്തിലേക്ക് വന്നാലും ഇതുതന്നെയാണ് സ്ഥിതി. കേവലം പതിനേഴു വയസ്സുള്ള ഈ താരം ഫ്രഞ്ച് ക്ലബായ റെന്നസിൽ ആണ് കളിക്കുന്നത്. ഈ സീസണിൽ റയൽ നോട്ടമിട്ടിരുന്നുവെങ്കിലും കോവിഡ് പ്രശ്നം വന്നതോടെ റയൽ പിന്മാറുകയായിരുന്നു. ഈ സീസണിൽ താരം റെന്നസിൽ തുടരാൻ താരം തീരുമാനിച്ചെങ്കിലും അടുത്ത സീസണിൽ താരത്തിന് വേണ്ടി പിടിവലിയായിരിക്കുമെന്നുറപ്പാണ്. റയൽ മാഡ്രിഡിന് വെല്ലുവിളി ഉയർത്തുന്നത് പിഎസ്ജി, യുവന്റസ്, ബയേൺ മ്യൂണിക്ക് എന്നിവരാണ്. ഇതിൽ പിഎസ്ജിയാണ് റയലിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്നത്.
ഇനി ഉപമെക്കാനോയുടെ കാര്യത്തിലേക്ക് വന്നാലും സമാനസ്ഥിതി ഇവിടെ കാണാം. ഉപമെക്കാനോക്ക് വേണ്ടി നിലവിൽ രംഗത്തുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. എന്നാൽ യുണൈറ്റഡിനെ കൂടാതെ മാഞ്ചസ്റ്റർ സിറ്റി, ബയേൺ, പിഎസ്ജി എന്നിവരും ഉപമെക്കാനോക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാകും. ചുരുക്കത്തിൽ പറഞ്ഞാൽ റയൽ ലക്ഷ്യം വെച്ചിരിക്കുന്ന മൂന്ന് പേരെയും സ്വന്തമാക്കണമെങ്കിൽ റയൽ വിയർക്കും എന്നുറപ്പാണ്.