സോറി പറഞ്ഞാൽ മാത്രം പോരാ,നല്ല പാസ്സ് നൽകണം : ഹക്കീമിയോട് എംബപ്പേ ദേഷ്യപ്പെടുന്ന വീഡിയോ പുറത്ത്

ഈ സീസണിൽ ഇതിനോടകം തന്നെ ഒരുപാട് വിവാദങ്ങളിൽ പെട്ട സൂപ്പർ താരമാണ് കിലിയൻ എംബപ്പേ. തനിക്ക് പാസ് നൽകാത്തതിൽ പ്രതിഷേധിച്ച് പകുതിക്ക് വെച്ച് കളി നിർത്തിയ എംബപ്പേയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല പെനാൽറ്റിക്ക് വേണ്ടി നെയ്മറോട് എംബപ്പേ തർക്കിച്ചതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. കൂടാതെ കഴിഞ്ഞ മത്സരത്തിൽ നെയ്മർക്ക് പാസ് നൽക്കാതെ സെൽഫിഷായതും ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായി.

ഇപ്പോഴിതാ എംബപ്പേയുമായി ബന്ധപ്പെട്ട പുതിയ ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട്.അതായത് തനിക്ക് നല്ല പാസ് നൽകാത്തതിന് തന്റെ സഹതാരമായ അച്റഫ് ഹക്കീമിയോട് എംബപ്പേ ദേഷ്യപ്പെട്ടു കൊണ്ട് പരാതി പറയുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.യുവന്റസിനെതിരെയുള്ള മത്സരത്തിനിടയിൽ ടണലിൽ വെച്ചാണ് എംബപ്പേ ഇത്തരത്തിലുള്ള ഒരു പെരുമാറ്റം നടത്തിയിട്ടുള്ളത്. പ്രശസ്ത മാധ്യമമായ മാർക്ക ഇത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

‘ നീ ആ വീഡിയോ കണ്ടില്ലേ? നിനക്ക് എനിക്ക് പാസ് നൽകാമായിരുന്നു ‘ ഇതാണ് ഹക്കീമിയോട് ആദ്യം എംബപ്പേ പറഞ്ഞത്. അതേ,ഞാൻ കണ്ടിരുന്നു എന്ന് ഹക്കീമി മറുപടി നൽകി.’ അതിൽ സോറി പറഞ്ഞിട്ടൊന്നും കാര്യമില്ല, എനിക്ക് നീ നല്ല പാസുകൾ നൽകണം ‘ ഇതാണ് മറുപടിയായി കൊണ്ട് എംബപ്പേ പറഞ്ഞിട്ടുള്ളത്.

ടീമിലെ എംബപ്പേയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ഹക്കീമി. പലപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴങ്ങൾ കളിക്കളത്തിൽ തന്നെ കാണാറുണ്ട്. എന്നാൽ തന്റെ ഉറ്റ സുഹൃത്തിനോട് പോലും ചെറിയ കാര്യങ്ങൾക്ക് പരാതി പറയുന്ന എംബപ്പേയെയാണ് കാണാൻ സാധിക്കുന്നത്.ഇത്തരം നിസ്സാര കാര്യങ്ങൾക്ക് സഹതാരങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നാണ് ആരാധകരുടെ പക്ഷം.

ഏതായാലും എംബപ്പേയുടെ പെരുമാറ്റ രീതികൾക്കെതിരെ വലിയ അസ്വാരസങ്ങൾ ക്ലബ്ബിനകത്ത് തന്നെ ഉയർന്നു കേൾക്കുന്നുണ്ട്. നിലവിൽ മികച്ച ഫോമിലാണ് എംബപ്പേ കളിക്കുന്നത്.ഈ സീസണിൽ 9 ഗോളുകൾ നേടിയ താരത്തിന്റെ ഫോമിലോ മികവിലോ ആർക്കും സംശയമില്ല. പക്ഷേ താരത്തിന്റെ ആറ്റിറ്റ്യൂഡ് ആണ് ഇപ്പോൾ പലർക്കും കല്ലുകടിയായി തോന്നുന്നത്.

Rate this post