അടുത്ത ട്രാൻസ്ഫർ ജാലകങ്ങളിൽ പിഎസ്ജി വിടാൻ സാധ്യതയുള്ള എംബാപ്പെ അതിനു മുൻപ് ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്കു നേടിക്കൊടുക്കണമെന്ന് ക്ലബിന്റെ അംബാസിഡറായ യൂറി ദ്യൊർകോഫ്. 2022ൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന ഫ്രഞ്ച് താരത്തിന്റെ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
“എംബാപ്പെക്കു ലഭിച്ചിരിക്കുന്നത് മികച്ചൊരു അവസരമാണെന്നാണു ഞാൻ കരുതുന്നത്. നിലവിൽ അദ്ദേഹം ഒരു പ്രൊജക്ടിന്റെ ഭാഗമാണ്. പിഎസ്ജിയിൽ നാലാമത്തെ വർഷം പിന്നിടുന്ന യുവതാരമായ എംബാപ്പെ പത്തു വർഷം ഫ്രാൻസിൽ തന്നെ തുടരുമെന്നു ഞാൻ കരുതുന്നില്ല.” പാരിഫാൻസിനോട് ദ്യോർകോഫ് പറഞ്ഞു.
“എല്ലായിടത്തും കിരീടങ്ങൾ സ്വന്തമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കഴിഞ്ഞ സീസണിൽ ഞങ്ങൾക്കു ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുണ്ടായിരുന്നു എങ്കിലും അതിനു കഴിഞ്ഞില്ല. എന്നാൽ ഈ വർഷവും അതിന് അവസരമുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്കു നേടിക്കൊടുത്തതിനു ശേഷം അദ്ദേഹം ക്ലബ് വിട്ടാൽ എല്ലാവർക്കും സന്തോഷമാകും.” അദ്ദേഹം വ്യക്തമാക്കി.
അതേ സമയം പിഎസ്ജിയുടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്യാമ്പയിന് മോശം തുടക്കമാണു ലഭിച്ചത്. ആദ്യ മത്സരത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനോടു തോറ്റ പിഎസ്ജിക്ക് വെല്ലുവിളിയായി കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ ലീപ്സിഗും ഗ്രൂപ്പിലുണ്ട്.