അടുത്ത സീസണിൽ പിഎസ്ജി വിടണമെന്ന ആഗ്രഹം വെളിപ്പെടുത്തിയ എംബാപ്പെ തന്റെ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞു തുടങ്ങിയെന്നു റിപ്പോർട്ടുകൾ. ഇരുപത്തിയൊന്നുകാരനായ താരം അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂളിലേക്കോ റയൽ മാഡ്രിഡിലേക്കോ ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിഎസ്ജിയുമായി തനിക്കുള്ള കരാർ പുതുക്കാനാണ് താരത്തിന്റെ തീരുമാനമെന്ന് ട്രാൻസ്ഫർ എക്സ്പേർട്ടായ ജൊനാഥൻ ജോൺസൻ സ്കൈ സ്പോർട്സിനോടു പറഞ്ഞു.
”ലിവർപൂളിനും റയൽ മാഡ്രിഡിനും എംബാപ്പെയിൽ വളരെക്കാലമായി താൽപര്യമുണ്ട്. എന്നാൽ ഫ്രഞ്ച് താരത്തെ പിഎസ്ജി അത്രയെളുപ്പം കൈവിടില്ല. കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ എംബാപ്പെയുമായി പുതിയ കോൺട്രാക്റ്റ് ഒപ്പിടാൻ പിഎസ്ജി ശ്രമിക്കുമെന്നും, കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തിയതിനാൽ താരം അതിനു സമ്മതം മൂളുമെന്നുമാണ് ഞാൻ കരുതുന്നത്.” ജോൺസൺ പറഞ്ഞു.
“എംബാപ്പെ പിഎസ്ജിയുടെ ഭാവി പദ്ധതികളുടെ ഭാഗമാണെന്നതു കൊണ്ടു തന്നെ കടുത്ത മത്സരത്തിനു ശേഷമേ താരത്തെ സ്വന്തമാക്കാൻ കഴിയൂ. കൊറോണ വൈറസ് പ്രതിസന്ധികൾ മൂലം എംബാപ്പെക്കായി പിഎസ്ജി ആവശ്യപ്പെടുന്ന തുക നൽകാൻ റയലിനും ലിവർപൂളിനും കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. അതുകൊണ്ടു തന്നെ കരാർ പുതുക്കുകയാണ് എംബാപ്പെക്കും ഗുണമാവുക.” അദ്ദേഹം വ്യക്തമാക്കി.
എംബാപ്പയെ സ്വന്തമാക്കുക അസാധ്യമാണെന്ന് ലിവർപൂൾ പരിശീലകൻ ക്ളോപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ താരത്തെ സ്വന്തമാക്കാൻ റയൽ കൃത്യമായ പദ്ധതികളോടെ മുന്നോട്ടു പോകുന്നുണ്ട്. ഈ സമ്മറിൽ റയൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാത്തതിന് എംബാപ്പയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണു കാരണമെന്നു റിപ്പോർട്ടുകളുണ്ട്.