വര്‍ഷങ്ങളായി കുത്തകയായി വെച്ചിരുന്ന ഫ്രഞ്ച് ലീഗ് കിരീടം നഷ്ടപ്പെട്ടതും ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ സാധിക്കാത്തതുമാണ് അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെ ടീമിലെടുക്കാൻ പിഎസ്ജി യെ പ്രേരിപ്പിക്കുന്ന ഘടകം. കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട പരിചയ സമ്പന്നനായ ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവയുടെ അഭാവം പിഎസ്ജി നിരയിൽ സീസണിൽ ഉടനീളം നിഴലിച്ചു നിന്നു. കഴിഞ്ഞ സീസണിൽ എട്ട് മത്സരങ്ങളാണ് ലീഗിൽ പിഎസ്ജി പരാജയപ്പെട്ടത്. അത്കൊണ്ട് പ്രതിരോധത്തിന് ശക്തി പകരാൻ നേതൃത്വപരമായ കഴിവുള്ള പരിചയസമ്പന്നനായ ഒരു കേന്ദ്ര പ്രതിരോധക്കാരനെ പാരിസ് സെന്റ് ജെർമെയ്ൻ ആഗ്രഹിച്ചതിന്റെ ഫലമായാണ് റയൽ മാഡ്രിഡ് താരം സെർജിയോ റാമോസ് പാരിസിലെത്തിയത്. 35 കാരൻ രണ്ടു വർഷത്തെ കരാറാണ് പാരീസ് ക്ലബ്ബുമായി ഒപ്പിട്ടത്.
കഴിഞ്ഞ സീസണിൽ പിഎസ്ജി ഒഴിവാക്കിയ സിൽവയാവട്ടെ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുകയും ചെയ്തു.കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയോട് സെമി ഫൈനലിൽ പരാജയപെട്ടാണ് പിഎസ്ജി പുറത്തായത്.സങ്കീർണ്ണമായ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ബാഴ്സലോണയ്ക്കും ബയേൺ മ്യൂണിക്കിനുമെതിരെ വിജയിച്ചെങ്കിലും സെമിയിൽ വീണു പോവാനായിരുന്നു നെയ്മറുടെം കൂട്ടരുടെയും വിധി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി യുടെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു ഗോൾ കീപ്പർ കീലർ നവാസ്. ബാഴ്സലോണയ്ക്കും ബയേണിനുമെതിരെ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ നവാസുണ്ടായിട്ടും ഇറ്റലിക്കൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ജേതാവായ ഗോൾകീപ്പർ ഗിയാൻലൂയിഗി ഡോണറുമ്മയെ പി.എസ്.ജി സ്വന്തമാക്കി.
എസി മിലാനുമായുള്ള കരാർ തീർന്നതിന് ശേഷം സൗജന്യ ട്രാൻസ്ഫറിൽ അഞ്ച് വർഷത്തെ കരാർ നൽകിയാണ് പാരിസിൽ എത്തിച്ചത്. നവാസിനേക്കാൾ 12 വയസ്സ് കുറവുള്ള ഡോണറുമ്മയെ ദീർഘ കാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പിഎസ്ജി സ്വന്തമാക്കിയത്. എന്നാലും കഴിഞ്ഞ സീസണിൽ പിഎസ്ജി യുടെ മികച്ച താരമായിരുന്ന നവാസിന്റെ സ്ഥാനം ബെഞ്ചിൽ ആയിരിക്കും. പിഎസ്ജിയുടെ ഈ സീസണിലെ അടുത്ത പ്രധാന സൈനിങ് റൈറ്റ് ബാക്ക് അക്രഫ് ഹക്കിമി ആണ്. ഇന്റർ മിലാനോടൊപ്പം സിരി എ കിരീടം 22 കാരനായ മൊറോക്കോ ഇന്റർനാഷണൽ 60 മില്യൺ യൂറോ (71 മില്യൺ ഡോളർ) നൽകിയാണ് പാരീസ് ക്ലബ് ടീമിലെത്തിച്ചത്.സെരി എയിലെ ഏറ്റവും മികച്ച ഫുൾബാക്ക് ആയി താരത്തെ കണക്കാക്കകപ്പെടുന്നു. വേഗതയും, മികച്ച പാസ്സിങ്ങും ഉള്ള താരം കഴിഞ്ഞ സീസണിൽ ഹക്കിമി ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്. ടീമിലെത്തിയ മറ്റൊരു പ്രധാന താരമാണ് യൂറോ കപ്പിൽ ഹോളണ്ടിനായി മികച്ച പ്രകടനം നടത്തിയ ലിവർപൂൾ താരം ജോർജിനോ വൈനാൾഡാം.
എന്നാൽ പിഎസ്ജി യിൽ ഏവരും ഉറ്റു നോക്കുന്നത് പുതിയ സൈനിങ്ങിനെക്കാൾ ഉപരി സൂപ്പർ സ്ട്രൈക്കർ കൈലിയൻ എംബപ്പെ ക്ലബ്ബിൽ തുടരുമോ എന്നതാണ്. ഈ നാല് താരങ്ങളുടെ ട്രാൻസ്ഫറിലൂടെ താരത്തെ പിഎസ്ജി യിൽ നിലനിര്‍ത്താന്‍ സാധിക്കുമോ എന്നതാണ് ഉയരുന്ന വലിയ ചോദ്യം. സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന എംബപ്പേ നെയ്മറിന്റെ പോലെ പുതിയ കരാറിൽ ഒപ്പുവെച്ചിട്ടില്ല. എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജിക്കൊപ്പം തുടരുമോ എന്നതിന് ഉത്തരം ലഭിക്കാന്‍ ദിവസങ്ങൾ മാത്രം. താരത്തിന്റെ ഏജന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഫ്രഞ്ച് താരത്തിനായി ട്രാന്‍സ്ഫര്‍ വിപണയില്‍ മുന്നിലുള്ളത് റയല്‍ മാഡ്രിഡാണ്. എന്നാല്‍ റയല്‍ മാഡ്രിഡ് മുന്നോട്ട് വച്ച തുകയ്ക്ക് താരത്തെ നല്കാന് പിഎസ്ജിക്ക് താല്‍പ്പര്യം ഇല്ല. കൂടാതെ താരത്തെ ടീമില്‍ നിലനിര്‍ത്താനുള്ള ഓഫറും പിഎസ്ജി മുന്നോട്ട് വച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡില്‍ കളിക്കാനുള്ള മോഹം എംബാപ്പെ നേരത്തെ അറിയിച്ചിരുന്നു.