സീസൺ തുടങ്ങിയതിനു പിന്നാലെ പിഎസ്‌ജിയിലെ പ്രധാന താരം താൻ തന്നെ ആയിരിക്കണമെന്ന കാര്യത്തിൽ ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയൻ എംബാപ്പക്കുള്ള വാശി പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. നേരത്തെ കളിക്കളത്തിൽ വെച്ച് ലയണൽ മെസി, നെയ്‌മർ തുടങ്ങിയ താരങ്ങളോട് തന്റെ അതൃപ്‌തി പ്രകടമാക്കിയ എംബാപ്പെ ഇപ്പോൾ ടീമിലെ മറ്റു താരങ്ങളോടും വിവിധ തരത്തിലുള്ള പ്രതികാര നടപടികളിലേക്ക് തിരിയുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ക്ലബ് പ്രസിഡന്റിനെ എംബാപ്പെ സന്ദർശിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് യുഒഎൽ എസ്പോർട്ടോയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി ടീമിനകത്ത് അർജന്റൈൻ റിപ്പബ്ലിക്ക് എന്ന തരത്തിൽ ഒരു കൂട്ടം താരങ്ങളുണ്ടെന്നും അവരെ ക്ലബ് ഒഴിവാക്കണം എന്നുമാണ് എംബാപ്പെ കളവ് പ്രസിഡന്റായ നാസർ അൽ ഖലൈഫിയോട് ആവശ്യപ്പെട്ടത്. പിഎസ്‌ജി കരാർ പുതുക്കിയ സമയത്ത് എംബാപ്പെക്ക് ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ ആവശ്യം എംബാപ്പെ ഉന്നയിച്ചിരിക്കുന്നത്. എംബാപ്പയുടെ ആവശ്യം നടപ്പിലായാൽ അർജന്റീന താരങ്ങളുൾപ്പെടെ നിരവധി കളിക്കാർ ടീമിൽ നിന്നും പുറത്താകുമെന്നുറപ്പാണ്.
ലയണൽ മെസി, ലിയാൻഡ്രോ പരഡെസ്, മൗറോ ഇകാർഡി എന്നീ അർജന്റീന താരങ്ങൾക്കു പുറമെ കെയ്‌ലർ നവാസ്, ആൻഡർ ഹെരേര എന്നീ താരങ്ങളാണ് അർജന്റൈൻ റിപ്പബ്ലിക്കിന്റെ ഭാഗമെന്നാണ് വിലയിരുത്തൽ. ഇതിൽ ലയണൽ മെസി ഒഴികെയുള്ള താരങ്ങളെയാണ് എംബാപ്പെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ താരങ്ങളുടെ കൂട്ടുകെട്ട് പിഎസ്‌ജിക്ക് ഒരു ഫ്രഞ്ച് ടീമെന്ന അനുഭവം നൽകുന്നില്ലെന്നും എംബാപ്പെ പറയുന്നു. ഏഞ്ചൽ ഡി മരിയ പിഎസ്‌ജി വിട്ട് യുവന്റസിൽ ചേർന്നത് ഇതിന്റെ ഭാഗമായാണെന്നാണ് കരുതേണ്ടത്. പിഎസ്‌ജി കരാർ പുതുക്കി നൽകാൻ തയ്യാറാവാത്തതിനാൽ ഫ്രീ ഏജന്റായാണ് ഡി മരിയ ക്ലബ് വിടുന്നത്.
പുതിയൊരു ഡ്രസിങ് റൂം ഓർഡർ സൃഷ്‌ടിക്കുകയെന്നതാണ് അർജന്റൈൻ റിപ്പബ്ലിക്കിനെ തകർത്തു കളയുന്നതിലൂടെ എംബാപ്പെ ഉദ്ദേശിക്കുന്നത്. ഇതോടെ ലയണൽ മെസി അടക്കമുള്ള പ്രധാന താരങ്ങൾ ദുർബലർ ആകുമെന്നും കൂടുതൽ ഫ്രഞ്ച് താരങ്ങൾ ഉള്ളതിനാൽ ടീമിലെ പ്രധാനിയാകാൻ തനിക്ക് കഴിയുമെന്നും എംബാപ്പെ കരുതുന്നു. എംബാപ്പയുടെ അമ്മയാണ് താരത്തിന്റെ ഈ ആവശ്യങ്ങൾക്കു പിന്നിലെ പ്രധാനിയായി പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. താരത്തിന്റെ മനോഭാവം മാറ്റി ടീമിലെ നേതാവാകണമെന്ന അവരുടെ ആഗ്രഹം എംബാപ്പയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.