കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം കിലിയൻ എംബാപ്പെ തനിക്ക് പിഎസ്ജി വിടണമെന്ന കാര്യം ക്ലബ്ബിനെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നത്. ഈ സീസണിൽ കൂടി പിഎസ്ജിയിൽ തുടരുമെന്ന് ഉറപ്പ് നൽകിയ താരം അടുത്ത സീസണിൽ ക്ലബ് വിടാനാണ് പിഎസ്ജിയോട് അനുമതി ചോദിച്ചത്. യൂറോപ്പിലെ പ്രമുഖമാധ്യമങ്ങൾ ഒക്കെ തന്നെയും ഈ വാർത്ത പുറത്തുവിട്ടത് ഇതിന്റെ ആധികാരികത വർധിപ്പിച്ചു. എന്നാൽ പിഎസ്ജി ഇക്കാര്യത്തിൽ മറുപടി അറിയിച്ചിട്ടില്ല.
എന്നാൽ ഫുട്ബോൾ ലോകത്തെ ഞെട്ടിപ്പിച്ച മറ്റൊരു കാര്യം എംബാപ്പെയുടെ ലക്ഷ്യം റയൽ മാഡ്രിഡ് അല്ല എന്നുള്ള വാർത്തയാണ്. അടുത്ത സീസണിൽ താരം പിഎസ്ജി വിട്ട് ചേക്കേറാൻ ഉദ്ദേശിക്കുന്നത് ലാലിഗയിലേക്ക് അല്ലെന്നും മറിച്ച് പ്രീമിയർ ലീഗിലേക്ക് ആണെന്നുമായിരുന്നു വാർത്തകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ രണ്ട് ക്ലബുകളിലൊന്നാണ് താരത്തിന്റെ ലക്ഷ്യസ്ഥാനം എന്നായിരുന്നു വാർത്തകൾ. ഇതിൽ തന്നെ എംബാപ്പെക്ക് ഏറ്റവും പ്രിയം ലിവർപൂളിനോടാണ് എന്നും താരം ലിവർപൂളിലേക്ക് തട്ടകം മാറ്റാനാണ് സാധ്യത എന്നുമായിരുന്നു വാർത്തകൾ.
എന്നാൽ ദീർഘകാലമായി എംബാപ്പെയെ നോട്ടമിട്ട റയൽ മാഡ്രിഡ് താരത്തെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്തകൾ. എന്ത് വിലകൊടുത്തും എംബാപ്പെയെ സ്വന്തമാക്കാനുള്ള പദ്ധതികൾ റയൽ മാഡ്രിഡിന്റെ അണിയറയിൽ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. ഈ വരുന്ന പുതിയ സീസണിന്റെ അവസാനത്തോട് കൂടി എംബാപ്പെയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് ആരംഭിക്കും. ഭീമമായ സാലറി തന്നെ താരത്തിന് വാഗ്ദാനം ചെയ്‌തേക്കും. കൂടാതെ റയലിന്റെ ഭാവി പദ്ധതികളെ പറ്റി താരത്തെ പറഞ്ഞു ബോധ്യപ്പെടുത്തി തൃപ്തിപ്പെടുത്താനും റയൽ ശ്രമിച്ചേക്കും.
എങ്ങനെയെങ്കിലും താരത്തെ വരുതിയിലാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ റയൽ മാഡ്രിഡിനോള്ളൂ. നല്ലൊരു തുക തന്നെ താരത്തിന് വേണ്ടി റയൽ മുടക്കേണ്ടി വരുമെന്നുറപ്പാണ്. ഇരുപത്തിയൊന്നുകാരനായ താരത്തിന് 175 മില്യൺ യുറോയാണ് ഇപ്പോൾ വിലമതിക്കുന്നത്. 150 മില്യൺ യുറോക്ക് മുകളിൽ പിഎസ്ജി എന്തായാലും ആവിശ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. 2018-ൽ മൊണോക്കോയിൽ നിന്ന് വമ്പൻ തുക നൽകി കൊണ്ടാണ് പിഎസ്ജി താരത്തെ സ്വന്തമാക്കിയത്. എംബാപ്പെയെ കൂടാതെ ഉപമെക്കാനോ, കാമവിങ്ക എന്നീ ഫ്രഞ്ച് യുവതാരങ്ങളെയും റയൽ നോട്ടമിട്ടിട്ടുണ്ട്.