പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബാപ്പെ ഏറെ കാലമൊന്നും പിഎസ്ജിയിൽ ഉണ്ടാവില്ല എന്നുള്ളത് വ്യക്തമായ കാര്യമാണ്. ഈ സീസൺ അവസാനിച്ചാൽ തനിക്ക് ക്ലബ് വിടണമെന്ന് എംബാപ്പെ പിഎസ്ജിയെ അറിയിച്ചതായി മുമ്പ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏതായാലും വരുന്ന ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്ന് എംബാപ്പെ ആയിരിക്കും എന്നുറപ്പാണ്.
അത്കൊണ്ട് തന്നെ താരത്തിന് വേണ്ടി ഏറ്റവും കൂടുതൽ രംഗത്തുള്ളത് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡാണ്. എംബാപ്പെക്ക് വേണ്ടി റയൽ മാഡ്രിഡ് പണമെറിയും എന്ന കാര്യത്തിൽ സംശയമില്ല. അടുത്ത സമ്മർ ട്രാൻസ്ഫറിലെ റയൽ മാഡ്രിഡിന്റെ പ്രധാനലക്ഷ്യം എംബാപ്പെയാണെന്ന് വ്യക്തമാണ്. എംബാപ്പെക്കും റയൽ മാഡ്രിഡിനോട് താല്പര്യമുണ്ട്. റയൽ പരിശീലകൻ സിദാൻ, മുൻ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ആരാധകനാണ് താനെന്ന് എംബാപ്പെ ഒട്ടേറെ തവണ വെളിപ്പെടുത്തിയതാണ്. റയലിന് വെല്ലുവിളിയായി പിഎസ്ജിയും രംഗത്തുണ്ട്.
ഇപ്പോഴിതാ എംബാപ്പെയോട് റയൽ മാഡ്രിഡിലേക്ക് പോവരുത് എന്നുപദേശിച്ചിരിക്കുകയാണ് മുൻ ബാഴ്സ ഇതിഹാസതാരം സാമുവൽ ഏറ്റു. റയലിനെ തഴഞ്ഞു കൊണ്ട് ബാഴ്സയിലേക്ക് പോവാനാണ് എംബാപ്പെയോട് ഇദ്ദേഹം നിർദേശിച്ചിരിക്കുന്നത്. ” റയൽ മാഡ്രിഡിനെ മറക്കൂ, ബാഴ്സയിലേക്ക് ചേക്കേറൂ ” എന്നാണ് ഏറ്റു എംബാപ്പെക്ക് നൽകിയ ഉപദേശം. ട്യൂട്ടോമെർക്കാറ്റോ വെബിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അന്റോയിൻ ഗ്രീസ്മാൻ, ഉസ്മാൻ ഡെംബലെ, കിലിയൻ എംബാപ്പെ എന്ന ഫ്രഞ്ച് ത്രയത്തെയാണ് ഏറ്റു സ്വപ്നം കാണുന്നത്. 2017-ൽ പിഎസ്ജിയിൽ എത്തിയ എംബാപ്പെയുടെ കരാർ 2022-ലാണ് അവസാനിക്കുക. ഏതായാലും താരത്തെ അടുത്ത സീസണിൽ പിഎസ്ജി വിടുമോ എന്നുള്ളത് നോക്കികാണേണ്ടിയിരിക്കുന്നു.