മാഞ്ചസ്റ്റർ സിറ്റിയിൽ മികച്ച തുടക്കവുമായി ഗാർഡിയോളയുടെ പ്രധാനതാരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് സ്പാനിഷ് യുവതാരം ഫെറാൻ ടോറസ്. സിറ്റിയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്ത താരം വ്യത്യസ്തമായ ഒരു പൊസിഷനിലാണ് രണ്ടു മത്സരങ്ങളിലും ഇറങ്ങിയത്. ഗാർഡിയോളയുടെ തന്ത്രത്തിൽ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ് ഈ ഇരുപത്തിരണ്ടുകാരൻ.
സിറ്റിയുടെ രണ്ടു സ്ട്രൈക്കർമാരായ ഗബ്രിയേൽ ജീസസും സെർജിയോ അഗ്വേറോയും പരിക്കുമൂലം പുറത്തിരിക്കുന്നത് ഗാർഡിയോളയെ പുതിയ പരീക്ഷണത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ബാഴ്സയിലായിരുന്ന കാലത്ത് മെസിയെ കളിപ്പിച്ചിരുന്നതുപോലെ ഫാൾസ് 9 പൊസിഷനിലാണ് ടോറസിനെ ചാമ്പ്യൻസ്ലീഗിൽ മാഴ്സെക്കെതിരെ ഇറക്കിയത്. അതിൽ ആദ്യഗോൾ നേടി ഗാർഡിയോളയെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഷെഫീൽഡ് യുണൈറ്റഡിനെതിരെയും അതേ പൊസിഷനിൽ തന്നെയാണ് ഗാർഡിയോള കളിപ്പിച്ചത്. ഗോൾ നേടാനായില്ലെങ്കിലും 1-0 എന്ന സ്കോറിൽ ജയിച്ച മത്സരത്തിൽ മികച്ച പ്രകടനമാണ് ഫെറാൻ ടോറസ് പുറത്തെടുത്തത്. അഞ്ചു ഷോട്ടുകളാണ് താരം ഗോൾ നേടാനായി ഷെഫീൽഡ് യുണൈറ്റഡ് പോസ്റ്റിലേക്ക് ഉതിർത്തത്. അത് സിറ്റിയുടെ മറ്റേതു താരങ്ങളെക്കാൾ കൂടുതലായിരുന്നു. പെപ്പിന്റെ കീഴിൽ താരത്തിന്റെ മെച്ചപ്പെട്ട പ്രകടനമാണ് ഇത് വെളിവാക്കുന്നത്.
“ഫെറാൻ ടീമിൽ മികച്ചരീതിയിൽ ഒതുങ്ങിച്ചേർന്നിട്ടുണ്ട്. അവൻ ഒരു സ്ട്രൈക്കർ അല്ല. എങ്കിലും അവനെ ഞാൻ ആ പൊസിഷനിൽ മികച്ച രീതിയിൽ കളിച്ചതിനു അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. അവൻ ഒരു ഗോൾ നേടുകയും ചെയ്തു. ഒരു സ്ട്രൈക്കർക്ക് 4-5-1 എന്ന ഫോർമേഷനിൽ കളിക്കുകയെന്നത് സത്യമായിട്ടും വലിയ ബുദ്ദിമുട്ടുള്ള കാര്യമാണ്. ഞങ്ങൾക്ക് വേറെ വഴിയുണ്ടായിരുന്നില്ല. ഗബ്രിയേലും അഗ്വേറോയും വരുന്നത് വരെ ഈ പൊസിഷനിൽ ഒരു പകരക്കാരനായി ഫെറാൻ ഉണ്ടാകും. ” മത്സര ശേഷം ഗാർഡിയോള പറഞ്ഞു.