സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആണ് ഫുട്ബോൾ ലോകത്തെങ്ങും. മെസ്സിയെ ബാഴ്സ വിടാൻ അനുവദിച്ചിട്ടില്ലെങ്കിലും താരം ഏത് ക്ലബ്ബിലേക്ക് എന്ന രൂപത്തിലാണ് ചർച്ചകൾ നടക്കുന്നത്. മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെയാണ് എന്നത് ഏറെ കുറെ ഉറപ്പിച്ച മട്ടാണ്. മെസ്സിക്ക് വീശിഷ്ടമായ ഒരു ഓഫർ മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആദ്യം മാഞ്ചസ്റ്റർ സിറ്റിയിലും തുടർന്ന് സിറ്റിയുടെ ഉടമസ്ഥതയിൽ തന്നെയുള്ള ന്യൂയോർക്ക് സിറ്റിയിലും മെസ്സിക്ക് കളിക്കാമെന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ.
ഇപ്പോഴിതാ മെസ്സി എംഎൽഎസ്സിലേക്ക് വരുന്നതിനെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് അർജന്റൈൻ പരിശീലകനായ ഗില്ലർമോ ബാരോസ് ഷെലോട്ടോ. മെസ്സി എംഎൽഎസ്സിൽ കളിക്കുന്നത് കാണാൻ താൻ ഇഷ്ടപ്പെടുന്നു എന്നാണ് അദ്ദേഹം അറിയിച്ചത്.നിലവിൽ എംഎൽഎസ്സിലെ ലാ ഗാലക്സിയുടെ പരിശീലകനാണ് ഗില്ലർമോ. മെസ്സി എംഎൽഎസ്സിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചത്. മെസ്സി വന്നാൽ അത് വലിയ തോതിൽ ലീഗിന് ഗുണമാവുമെന്നും അദ്ദേഹം അറിയിച്ചു.
” മെസ്സി ബാഴ്സ വിട്ടു പുറത്തു പോവുന്നു എന്ന വാർത്ത കേട്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ കോരിത്തരിച്ചു പോയി. എന്തെന്നാൽ ഞങ്ങൾ എല്ലാവരും കരുതിയിരുന്നത് മെസ്സി ബാഴ്സയിൽ വിരമിക്കുമെന്നാണ്. പക്ഷെ അദ്ദേഹത്തിന് കൃത്യമായ കാരണങ്ങൾ ഉണ്ടാകും. ഒരു അർജന്റീനക്കാരൻ എന്ന നിലയിൽ ഞാൻ അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. അദ്ദേഹം എംഎൽഎസ്സിലേക്ക് വരുന്നത് ഞാൻ ഇഷ്ടപ്പെടുന്ന ഒന്നാണ്. അദ്ദേഹം വരികയാണെങ്കിൽ തീർച്ചയായും അത് എംഎൽഎസ്സിന് ഏറെ ഗുണം ചെയ്യും ” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
മുപ്പത്തിമൂന്നുകാരനായ മെസ്സിക്ക് മൂന്ന് വർഷം മാഞ്ചസ്റ്റർ സിറ്റിയിലും തുടർന്ന് രണ്ട് വർഷം എംഎൽഎസ്സിലെ ന്യൂയോർക്ക് സിറ്റിയിലും കളിക്കാം എന്ന രൂപത്തിലാണ് സിറ്റി കരാർ ഓഫർ ചെയ്തിരിക്കുന്നത്. പക്ഷെ മെസ്സിയെ ബാഴ്സ ഇതുവരെ ക്ലബ് വിടാൻ അനുവദിച്ചിട്ടില്ല എന്നതാണ് മെസ്സി നേരിടുന്ന പ്രശ്നം. മെസ്സി ബാഴ്സ വിടുകയാണെങ്കിൽ ചേക്കേറാൻ തീരുമാനിക്കുന്ന ക്ലബ് സിറ്റി ആയിരിക്കും എന്നാണ് ഫുട്ബോൾ വിദഗ്ദ്ധരുടെ കണക്കുകൂട്ടലുകൾ.