ഗോളുകൾ മാത്രമല്ല മികവിന്റെ അളവുകോൽ, ലയണൽ മെസിയെ കയ്യടിച്ച് അഭിനന്ദിച്ച് എതിർടീം ആരാധകർ

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരമാണ് ലയണൽ മെസിയെന്ന കാര്യത്തിൽ എതിരാളികൾക്കു വരെ മറ്റൊരു അഭിപ്രായമുണ്ടാകാൻ യാതൊരു സാധ്യതയുമില്ല. ഗോളുകൾ കൊണ്ടു മാത്രമല്ല എതിരാളികളെ നിഷ്പ്രഭമാക്കുന്ന ഡ്രിബ്ലിങ് സ്‌കില്ലുകളും അളന്നു മുറിച്ച പാസുകളും അസിസ്റ്റുകളും എല്ലാമുള്ള ഒരു മുഴുവൻ പാക്കേജാണ്‌ അർജന്റീന താരം. അതുകൊണ്ടു തന്നെയാണ് ലയണൽ മെസി ഈ ഗ്രഹത്തിൽ പിറന്നതല്ലെന്നും അന്യഗ്രഹത്തിൽ നിന്നും വന്നതാണെന്നും താരത്തിന്റെ ആരാധകരും ഫുട്ബോൾ വിദഗ്‌ദരും മുൻ താരങ്ങളുമെല്ലാം അഭിപ്രായം പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പിഎസ്‌ജിയും ടുളൂസേയും തമ്മിൽ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിലും ലയണൽ മെസി മികച്ച പ്രകടനം നടത്തുകയുണ്ടായി. ഗോളുകളൊന്നും നേടാൻ താരത്തിന് കഴിഞ്ഞില്ലെങ്കിലും പിഎസ്‌ജി മുന്നിലെത്തിയ രണ്ടു ഗോളുകളുടെ പിന്നിൽ അർജന്റീന താരമായിരുന്നു. മുപ്പത്തിയേഴാം മിനുട്ടിൽ നെയ്‌മർ നേടിയ ഗോളിന് അസിസ്റ്റ് നൽകിയ ലയണൽ മെസി അതിനു ശേഷം അൻപതാം മിനുട്ടിൽ കിലിയൻ എംബാപ്പെയുടെ ഗോളിനും വഴിയൊരുക്കി നൽകി. യുവാൻ ബെർണറ്റ് നേടിയ ഗോളും ചേർത്ത് മത്സരത്തിൽ 3-0ത്തിന്റെ വിജയമാണ് പിഎസ്‌ജി സ്വന്തമാക്കിയത്.

മത്സരത്തിൽ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും കളിക്കളത്തിൽ പിഎസ്‌ജിക്ക് ആധിപത്യം പുലർത്താനും വിജയത്തിലേക്കെത്തിക്കാനും മെസി തന്നെയാണ് പ്രധാന പങ്കു വഹിച്ചതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടു തന്നെ താരം നടത്തിയ പ്രകടനത്തെ എതിർടീമിന്റെ ആരാധകർ വരെ പ്രശംസിക്കുകയുണ്ടായി. മത്സരത്തിന്റെ എൺപത്തിരണ്ടാം മിനുട്ടിൽ മെസിയെ പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയാർ പിൻവലിച്ചപ്പോൾ ടുളൂസേയുടെ മൈതാനത്തുണ്ടായിരുന്ന കാണികൾ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചത്. മത്സരത്തിൽ ഏറ്റവും ഉയർന്ന റേറ്റിങ്ങും മെസിക്കു തന്നെയാണുള്ളത്.

കഴിഞ്ഞ സീസണിൽ ലയണൽ മെസി പിഎസ്‌ജിക്കു വേണ്ടി നടത്തിയ പ്രകടനത്തെ പലരും വിമർശിച്ചിരുന്നു. ബാഴ്‌സലോണയിൽ നിന്നും പുറത്തു വന്നപ്പോൾ മെസിയുടെ പ്രതിഭയ്ക്ക് മങ്ങലേറ്റുവെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. എന്നാൽ തന്റെ മികവെന്താണെന്ന് അതിനു ശേഷം അർജന്റീനയ്ക്കു വേണ്ടി കളത്തിലിറങ്ങിയപ്പോൾ മെസി ഏവർക്കും കാണിച്ചു കൊടുക്കുകയുണ്ടായി. ടീമിന്റെ ശൈലിക്ക് അനുസൃതമായി ലയണൽ മെസി തന്റെ പ്രകടനത്തിൽ മാറ്റം വരുത്തിയെന്നാണ് ഈ സീസണിലെ താരത്തിന്റെ പ്രകടനത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. അത് പിഎസ്‌ജിയെ വളരെയധികം സഹായിക്കുന്നുമുണ്ട്.

Rate this post
ligue 1Lionel MessiPsg