ബാഴ്സലോണയിൽ തന്നെ തുടരാനുള്ള മെസിയുടെ തീരുമാനം ആരാധകർക്കിടയിൽ അത്ര മികച്ച അഭിപ്രായമല്ല ഉണ്ടാക്കിയതെന്നാണ് ഇപ്പോഴത്തെ വാർത്തകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമം എഎസ് മെസി ബാഴ്സലോണ വിട്ട തീരുമാനത്തെക്കുറിച്ച് ആരാധകർക്കിടയിൽ നടത്തിയ സർവേയിൽ താരത്തിന്റെ തീരുമാനത്തിനു പ്രതികൂലമായാണ് ഭൂരിഭാഗം ആരാധകരും പ്രതികരിച്ചത്.
‘മെസി ബാഴ്സയിൽ തന്നെ തുടരാനുള്ള തീരുമാനത്തെ നിങ്ങൾ പിന്തുണക്കുന്നുണ്ടോ’ എന്നാണ് എഎസ് സർവേയിൽ ചോദിച്ചത്. 26000 പേർ പങ്കെടുത്ത സർവേയിൽ അറുപത്തിയൊന്നു ശതമാനം പേരും മെസിയുടെ തീരുമാനത്തെ പിന്തുണച്ചില്ല. അതേ സമയം 39 ശതമാനത്തിൽ കുറവു പേർ മെസിക്കൊപ്പം നിൽക്കുകയുണ്ടായി.
ബാഴ്സ നേതൃത്വത്തിനെതിരെ വിമർശനം നടത്തിയാണ് മെസി ക്ലബിൽ തുടരുന്നത്. ബാഴ്സക്ക് വിജയങ്ങൾ നേടാൻ കൃത്യമായ ഒരു പ്രൊജക്ട് പോലുമില്ലെന്ന വിമർശനമടക്കം താരം ഉന്നയിച്ചിരുന്നു. ഈ വിമർശനങ്ങൾ മെസിയുടെ അവസാന സീസണെ പ്രതികൂലമായി ബാധിച്ചേക്കാം.
ഡ്രസിംഗ് റൂമിൽ നിന്നും മുൻപു ലഭിച്ചിരുന്ന പിന്തുണ മെസിക്ക് ഈ സീസണിൽ ലഭിക്കുമെന്ന് യാതൊരുറപ്പുമില്ല. ഇതു താരത്തിന്റെ കളിക്കളത്തിലെ പ്രകടനത്തെ ബാധിച്ചാൽ ആരാധകർ കുടുതൽ വിമർശനം മെസിക്കെതിരെ ഉന്നയിക്കാൻ സാധ്യതയുണ്ട്.