എഫ്സി ബാഴ്സലോണയുടെ റെക്കോർഡുകൾ ഒന്നൊന്നായി തകർക്കുന്ന തിരക്കിലാണ് സൂപ്പർ താരം ലയണൽ മെസ്സി. ഒട്ടനവധി റെക്കോർഡുകളാണ് മെസ്സി സ്വന്തം പേരിൽ കുറിച്ചിരുന്നത്. ഇപ്പോഴിതാ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മെസ്സി. ബാഴ്സക്ക് വേണ്ടി കളത്തിൽ അറുപതിനായിരം മിനുട്ടുകൾ ചിലവഴിച്ച അപൂർവതാരങ്ങളിൽ ഒരാളാണ് ഇനി മുതൽ മെസ്സി.കഴിഞ്ഞ ലാലിഗ മത്സരത്തിലായിരുന്നു മെസ്സി ഈയൊരു കടമ്പ പൂർത്തിയാക്കിയത്.
അലാവസിനെതിരെ നടന്ന മത്സരത്തിൽ മെസ്സി മുഴുവൻ സമയവും കളിച്ചതോടെ ബാഴ്സക്ക് വേണ്ടി 60,050 മിനുട്ടുകൾ താരം പിന്നിട്ടു കഴിഞ്ഞു. 2004, ഒക്ടോബർ പതിനാറിനായിരുന്നു മെസ്സി ആദ്യമായി ബാഴ്സക്ക് വേണ്ടി കളത്തിലിറങ്ങിയത്. പതിനേഴ് വർഷവും മൂന്ന് മാസവും 22 ദിവസവും മാത്രം പ്രായമുള്ള മെസ്സി എസ്പനോളിനെതിരെയാണ് അന്ന് ആദ്യത്തെ മിനുട്ട് ബാഴ്സക്ക് വേണ്ടി കളത്തിൽ ചിലവഴിച്ചത്.ഇന്നിപ്പോൾ താരത്തിന് 33 വർഷവും നാലു മാസവും ഒമ്പത് ദിവസവും പ്രായമായിരിക്കുന്നു.
മെസ്സി കളിച്ച മിനുട്ടുകൾ എടുത്തു ദിവസങ്ങളാക്കിയാൽ ഏകദേശം 42 ദിവസം മുഴുവനും മെസ്സി ബാഴ്സക്ക് വേണ്ടി കളിച്ചു കഴിഞ്ഞു. ഇത് മണിക്കൂറിലേക്ക് ആക്കിയാൽ 1000 മണിക്കൂറുകൾ മെസ്സി കളത്തിൽ പിന്നിട്ട് കഴിഞ്ഞു. ആഴ്ച്ചയുടെ കണക്കിലേക്ക് വന്നാൽ 6 ആഴ്ച്ചയും മാസത്തിന്റെ കണക്കിലേക്ക് വന്നാൽ 1.3 മാസവും മെസ്സി ബാഴ്സക്ക് വേണ്ടി മൈതാനത്ത് ചിലവഴിച്ചു. 3,603,000 സെക്കന്റുകളാണ് മെസ്സി ബാഴ്സ ജേഴ്സിയണിഞ്ഞത്.
ബാഴ്സക്ക് വേണ്ടി ആകെ 739 മത്സരങ്ങൾ മെസ്സി കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി 637 ഗോളുകളും സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു. 28 മത്സരങ്ങൾ കൂടി മെസ്സി ബാഴ്സക്ക് വേണ്ടി കളിച്ചാൽ, ഏറ്റവും കൂടുതൽ കൂടുതൽ മത്സരങ്ങൾ ബാഴ്സക്ക് വേണ്ടി കളിച്ച സാവി ഹെർണാണ്ടസിന്റെ റെക്കോർഡ് മെസ്സിക്ക് കടപ്പുഴക്കാനാവും.