സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ നിർണായകവഴിത്തിരിവ്. മെസ്സി ഈ സീസണിൽ കൂടി ബാഴ്സയിൽ തുടർന്നേക്കുമെന്നുള്ള സൂചനകളാണ് തൊട്ട് മുമ്പ് മെസ്സിയുടെ പിതാവ് ജോർഗെ മെസ്സി പുറത്തു വിട്ടത്. മെസ്സി ബാഴ്‌സയിൽ തുടരാനുള്ള എന്തെങ്കിലും സാധ്യതകൾ ഉണ്ടോ എന്ന ചോദ്യത്തിന് അതേ എന്ന മറുപടി നൽകി കൊണ്ടാണ് മെസ്സിയുടെ പിതാവ് താരം ബാഴ്സയിൽ തന്നെ തുടർന്നേക്കും എന്ന സൂചനകൾ നൽകിയത്.
എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ പുറത്തു വരുന്നതേയൊള്ളൂ. ഇന്നലെ ബാഴ്സ പ്രസിഡന്റ് ബർത്തോമുവുമായി മെസ്സിയുടെ പിതാവ് ചർച്ച നടത്തിയിരുന്നു. എന്നാൽ ആ ചർച്ചയിൽ തീരുമാനങ്ങൾ ഒന്നും കൈകൊണ്ടില്ല എന്നായിരുന്നു റിപ്പോർട്ടുകൾ. ഇരുകൂട്ടരും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്നാണ് പിന്നീട് മെസ്സി തന്റെ മനസ്സ് മാറ്റാൻ തയ്യാറായത് എന്നാണ് പ്രാഥമിക വിവരങ്ങൾ.
നിലവിൽ മെസ്സിയുടെ ഉദ്ദേശം എന്തെന്നാൽ ഈ വരുന്ന സീസണിൽ കൂടി ബാഴ്സയിൽ തുടരുക. എന്നിട്ട് അടുത്ത വർഷം കരാർ അവസാനിപ്പിച്ച് ക്ലബ്ബിനോട് വിടപറയുക. എന്നിട്ട് ഫ്രീ ഏജന്റ് ആയി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുക എന്നാണ് മെസ്സി കരുതുന്നത്. മെസ്സി ബാഴ്സയിൽ തുടരാൻ സമ്മതം മൂളിയെങ്കിലും ബാഴ്സയുമായി കരാർ പുതുക്കിയേക്കില്ല. അതായത് അടുത്ത സീസൺ കൂടി ബാഴ്സയിൽ ചിലവഴിച്ച ശേഷം മെസ്സി ബാഴ്സയോട് വിടപറയും എന്നാണ് സൂചനകൾ. എന്നാൽ വ്യക്തമായ വിവരങ്ങൾക്ക് കാത്തിരിക്കണം.