എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി താൻ അടുത്ത സീസണിന്റെ അവസാനം വരെ ബാഴ്സയോടൊപ്പം ഉണ്ടാവുമെന്ന് താരം നേരിട്ട് പ്രഖ്യാപിച്ചത് ഇന്നലെയായിരുന്നു. ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു മെസ്സി തന്റെ നിലപാടുകളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഫുട്ബോൾ ലോകത്തിന് നൽകിയത്. ബാഴ്സ ബോർഡിനെതിരെയും പ്രസിഡന്റ് ബർത്തോമുവിനെതിരെയും ആഞ്ഞടിച്ച മെസ്സി പ്രസിഡന്റ് വാക്ക് പാലിക്കാത്തവനാണ് എന്ന് തുറന്നു പറയുകയും ചെയ്തു. എനിക്ക് ജീവിതം നൽകിയ ക്ലബ്ബിനെ കോടതി കയറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിനാൽ തന്നെ ബാഴ്സയിൽ തുടരുമെന്നും മെസ്സി പറഞ്ഞു. മെസ്സിയുടെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ താഴെ നൽകുന്നു.
” ഞാൻ ക്ലബ് വിടണമെന്ന് ക്ലബ്ബിനോടും പ്രസിഡന്റിനോടും പറഞ്ഞിരുന്നു. ബാഴ്സയിൽ ഉള്ള എന്റെ കാലം അവസാനിച്ചുവെന്ന് ഞാൻ വിശ്വസിച്ചു. കൂടാതെ പുതിയ താരങ്ങളെയും യുവതാരങ്ങൾക്കുമാണ് ബാഴ്സ ഇനി ഇടം നൽകേണ്ടത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സീസണിന്റെ അവസാനത്തിൽ നിനക്ക് വേണമെങ്കിൽ നിൽക്കാം, അതല്ലെങ്കിൽ പോവാം എന്നായിരുന്നു ബർത്തോമു പറഞ്ഞിരുന്നത്. അന്ന് അദ്ദേഹം ജൂൺ പത്ത് എന്ന തിയ്യതി നിശ്ചയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ വാക്ക് പാലിച്ചില്ല. അദ്ദേഹവും മാനേജ്മെന്റും ഒരു ദുരന്തമാണ്”
“ബയേണിനോട് ഏറ്റ തോൽവി അല്ല ഞാൻ ബാഴ്സ വിടാൻ ആലോചിക്കാനുള്ള കാരണം. ഈ വർഷം മുഴുവനും ഞാൻ ക്ലബ് വിടണമെന്ന ആവിശ്യം പ്രസിഡന്റിനോട് പറഞ്ഞിരുന്നു. സീസണിന്റെ അവസാനം വിടാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇപ്പോൾ അത് അദ്ദേഹം പാലിച്ചില്ല. നിലവിൽ എനിക്ക് ക്ലബ് വിടണമെങ്കിൽ 700 മില്യൺ റിലീസ് ക്ലോസ് അടക്കണം. അത് അസാധ്യമാണ്. അത്കൊണ്ട് ആണ് ഇവിടെ തുടരാൻ തീരുമാനിക്കുന്നത്. എനിക്ക് ജീവിതം നൽകിയ ക്ലബിനെതിരെ ഞാൻ കോടതിയിൽ പോവാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ബാഴ്സയിൽ തന്നെ തുടരും. മുമ്പത്തെ പോലെ തന്നെ കളിക്കും. എന്റെ ആത്മാർത്ഥക്കോ മനോഭാവത്തിനോ ഒരു കോട്ടവും തട്ടിയിട്ടില്ല. ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും “.
” ഞാൻ എന്റെ കുടുംബത്തോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ എല്ലാവരും കരഞ്ഞു. എന്റെ മക്കൾക്ക് പുതിയ സ്‌കൂളും പുതിയ കൂട്ടുകാരും ഉണ്ടാവാൻ പോവുകയാണ് എന്നുള്ളത് അവരെ അറിയിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ തിയാഗോ എല്ലാം ടിവിയിലൂടെ അറിഞ്ഞു കഴിഞ്ഞിരുന്നു. അവൻ എന്നോട് ക്ലബ് വിടണ്ട എന്ന് പറഞ്ഞു. പക്ഷെ അത് ബുദ്ധിമുട്ടാണെന്ന് ഞാൻ അവനോട് ആവർത്തിച്ചു പറഞ്ഞു മനസിലാക്കി കൊടുത്തു. എന്റെ ഭാര്യയും ബുദ്ധിമുട്ടോട് കൂടിയാണെങ്കിലും എന്നെ പിന്തുണച്ചു. ബുദ്ധിമുട്ടേറിയ തീരുമാനമാണ് എന്നറിയാം ബാഴ്സയെക്കാൾ മികച്ച ക്ലബ് എനിക്ക് ലഭിക്കില്ല എന്നുമറിയാം. പക്ഷെ ഇത് ഞാൻ മുമ്പ് തന്നെ തീരുമാനിച്ചത് ആയിരുന്നു” മെസ്സി പൂർത്തീകരിച്ചു.