ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നതിന്റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വരുന്ന സീസണിന് മുന്നോടിയായി ബാഴ്സയുടെ ആദ്യപരിശീലനം നടന്നത് ഇന്ന്, അതായത് തിങ്കളാഴ്ച്ചയായിരുന്നു. ഈ പരിശീലനത്തിന് മെസ്സി എത്തിയിട്ടില്ല എന്ന കാര്യം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ നേതൃത്വത്തിൽ ഉള്ള ആദ്യപരിശീലനമായിരുന്നു. എന്നാൽ ഇതിൽ മെസ്സി പങ്കെടുത്തില്ല.
റൊണാൾഡ് കൂമാന്റെ സ്‌ക്വാഡിന്റെ ഭാഗമാവാൻ താനില്ല എന്ന് തന്നെയാണ് മെസ്സിയുടെ നിലപാട്. ഞായറാഴ്ച്ച നടന്ന പിസിആർ ടെസ്റ്റിൽ മെസ്സി പങ്കെടുത്തിരുന്നില്ല. ലഭ്യമായിട്ടും ടെസ്റ്റ് ബഹിഷ്‌കരിച്ച ഏകതാരമായിരുന്നു ലയണൽ മെസ്സി. ഇതിന്റെ തുടർച്ചയെന്നോണമാണ് മെസ്സി പരിശീലനവും ബഹിഷ്കരിച്ചത്. മെസ്സി, ക്ലബ് വിടണം എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതിന്റെ തെളിവാണ് പരിശീലനവും ബഹിഷ്കരിച്ചത്.
ഇതോടെ മെസ്സിക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ബാഴ്സക്ക് കഴിയും. വ്യക്തമായ കാരണമില്ലാതെ ആദ്യരണ്ട് ദിവസം പരിശീലനം മുടക്കിയാൽ ഏഴ് ശതമാനം സാലറി കട്ടും രണ്ട് മുതൽ പത്ത് ദിവസം വരെ സസ്‌പെൻഷൻ ചെയ്യാനും ക്ലബ്ബിന് അധികാരമുണ്ട്. തുടർന്നും പരിശീലനത്തിന് എത്താതിരുന്നാൽ 25 ശതമാനം സാലറി കട്ടും പത്ത് മുതൽ മുപ്പത് ദിവസം വരെ സസ്‌പെൻഷൻ ചെയ്യാനും ബാഴ്സക്ക് സാധിച്ചേക്കും. ഇത്തരം നടപടികളുമായി ബാഴ്സ മുന്നോട്ട് പോവുമോ എന്നാണ് ഇനി കാണേണ്ട കാര്യം.
അതേസമയം മെസ്സിയുടെ പിതാവും പ്രസിഡന്റ് ബർതോമ്യുവും കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ ബുധനാഴ്ച്ചയാണ് കൂടികാഴ്ച്ച നടത്തുക. മെസ്സിക്ക് ക്ലബ് വിടാനാവില്ല എന്ന് ലാലിഗ അറിയിച്ചിരുന്നു. എഴുന്നൂറ് മില്യൺ തികച്ച് നൽകിയാൽ മാത്രമേ മെസ്സിയെ സ്വന്തമാക്കാൻ മറ്റേതെങ്കിലും ക്ലബ്ബിന് സാധിക്കുകയൊള്ളൂ എന്ന് ലാലിഗ അറിയിച്ചിരുന്നു. ഇതോടെ മെസ്സി കൂടുതൽ പ്രതിരോധത്തിലാവുകയായിരുന്നു. അതിനാൽ തന്നെ ക്ലബ് നിലപാട് മയപ്പെടുത്തിയാൽ മാത്രമേ മെസ്സിക്ക് ഈ സീസണിൽ ക്ലബ് വിടാൻ സാധിക്കുകയൊള്ളൂ. എന്നാൽ കരാർ പുതുക്കുന്നതിനെ കുറിച്ച് മാത്രമേ സംസാരിക്കാനൊള്ളൂ എന്നാണ് ബർത്തോമുവിന്റെ നിലപാട്.