സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുന്നു എന്ന വാർത്തകൾ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. ഒടുവിൽ താൻ വേണമെങ്കിൽ ക്ലബ് വിടാമെന്ന് ബാഴ്സ പ്രസിഡന്റ് സമ്മതിച്ചതായാണ് പുതിയ വാർത്തകൾ പുറത്ത് വരുന്നത്. മെസ്സി ക്ലബിൽ തുടരാൻ തീരുമാനിക്കുക ആണെങ്കിൽ താൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു കൊണ്ടു ക്ലബ് വിടാൻ തയ്യാറാണ് എന്നാണ് ബർത്തോമു അറിയിച്ചത്.
കാറ്റലോണിയൻ മാധ്യമമായ ടിവി 3 യെ ഉദ്ധരിച്ചു കൊണ്ടു ഫോർബ്‌സ് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ബാഴ്സയുടെ പ്രശ്നം പ്രസിഡന്റ് ആണെന്ന് മുമ്പ് തന്നെ മെസ്സി സൂചിപ്പിച്ചിരുന്നു. മാത്രമല്ല വ്യാപകമായ രീതിയിൽ ആണ് ബർത്തോമുവിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നത്. അത്കൊണ്ട് തന്നെ രംഗം തണുപ്പിക്കണമെങ്കിൽ ബർത്തോമുവിന്റെ രാജി അനിവാര്യമാണ്. പക്ഷെ മെസ്സി തുടരും എന്ന് ഉറപ്പ് നൽകിയാൽ മാത്രമേ താൻ രാജിവെക്കുകയൊള്ളൂ എന്ന നിലപാടിലാണ് ബർത്തോമു.
മാത്രമല്ല എന്ത് കൊണ്ടാണ് താരം ക്ലബ് വിടാൻ ആവിശ്യപ്പെട്ടത് എന്നുള്ളതിന്റെ വ്യക്തമായ കാരണവും മെസ്സി ബോധിപ്പിക്കണം. പക്ഷെ ഇക്കാര്യങ്ങളോട് മെസ്സി പ്രതികരിച്ചിട്ടില്ല എന്ന് മാത്രമല്ല മെസ്സി മണിക്കൂറുകൾക്കുള്ളിൽ തന്റെ ഭാവി എവിടെയാവുമെന്ന് അറിയിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ മെസ്സി മാഞ്ചസ്റ്റർ സിറ്റിയുമായി വ്യക്തിപരമായ നിബന്ധനകൾ ഒക്കെ അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
വെറോണിക്ക ബ്രൂണാട്ടി എന്ന റിപ്പോർട്ടർ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. അതായത് മെസ്സിയും സിറ്റിയും കരാറിൽ എത്തിയതായും ഉടനെ തന്നെ ഇക്കാര്യം മെസ്സി അറിയിക്കുമെന്നാണ് വെറോണിക്ക എന്ന മാധ്യമപ്രവർത്തകയുടെ വാദം. ഏതായാലും നിർണായകമായ മണിക്കൂറുകൾ ആണ് ഇനിയുള്ളത് എന്ന് വ്യക്തമാണ്.