എഫ്സി ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി ഇന്റർമിലാനിലേക്ക് കൂടുമാറിയേക്കും എന്ന തരത്തിലുള്ള റൂമറുകൾ പരന്നു തുടങ്ങിയിട്ട് നാളുകൾ ഏറെയായിരുന്നു. മെസ്സി ബാഴ്സയുമായി കരാർ പുതുക്കാത്തതും മെസ്സി ക്ലബ് വിടുമെന്നുള്ള സ്പാനിഷ് മാധ്യമത്തിന്റെ വാർത്തയുമായിരുന്നു ഈ ഊഹാപോഹങ്ങൾക്ക് ആരംഭം കുറിച്ചത്. തുടർന്ന് മെസ്സി ഇന്റർമിലാനിലേക്കെന്ന വാർത്ത വളരെ സജീവമായി നിലകൊണ്ടു. തുടർന്ന് മെസ്സിക്ക് വേണ്ടി 260 മില്യൺ യുറോയുടെ ഓഫർ ഇന്റർ വാഗ്ദാനം ചെയ്തതായുള്ള ഇറ്റാലിയൻ മാധ്യമത്തിന്റെ വാർത്തയും ഇതിന് പിന്നാലെ വന്നിരുന്നു.
എന്നാൽ ഈ അഭ്യൂഹങ്ങൾക്കൊക്കെ ശക്തി പകർന്നു കൊണ്ടു മറ്റൊരു വാർത്തയാണ് ഇപ്പോൾ സജീവം. മെസ്സി സ്വന്തമായി തന്നെ മിലാനിൽ ഒരു വീട് വാങ്ങിച്ചതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇറ്റാലിയിലെ മീഡിയസെറ്റ് എന്ന മാധ്യമത്തിനെ ഉദ്ധരിച്ചു കൊണ്ടാണ് മാർക്ക വാർത്ത പുറത്തു വിട്ടത്. ഇന്റർമിലാന്റെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയോ ഗിസപ്പെ മെസ്സക്ക് അടുത്താണ് മെസ്സി വീട് വാങ്ങിച്ചിരിക്കുന്നത്. കേവലം ആറു കിലോമീറ്ററുകൾ മാത്രമാണ് മെസ്സിയുടെ വീട്ടിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള ദൂരം എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. വിയാലെ ഡെല്ല ലിബറാസിയോൺ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇറ്റാലിയൻ നഗരമായ ലംബോർഡിയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ഇത്.
ഇതോടെ മെസ്സി ഇന്റർമിലാനിലേക്ക് എന്ന വാർത്തകൾക്ക് കൂടുതൽ ശക്തി വർദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ഇന്റർമിലാൻ മെസ്സിക്ക് വേണ്ടി ഭീമൻ തുക ചിലവഴിക്കാൻ തയ്യാറായതായി വാർത്ത നൽകിയത്. ഇതുപ്രകാരം മെസ്സിക്ക് അഞ്ച് വർഷത്തെ കരാറിന് 260 മില്യൺ യുറോ വാഗ്ദാനം ഇന്റർ വാഗ്ദാനം ചെയ്യുമെന്നായിരുന്നു ഇവരുടെ അവകാശവാദം. എന്നാൽ മെസ്സിയോ ബന്ധപ്പെട്ട ഇതിവൃത്തങ്ങളോ ഈ വാർത്തകളോട് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.