റൊണാൾഡോയുടെ രണ്ട് ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ ഈ സീസണിൽ തകർക്കാൻ മെസി ഒരുങ്ങുന്നു

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിഞ്ഞില്ലെന്നതു തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സീനിയർ കരിയർ ആരംഭിച്ചതിനു ശേഷം എല്ലാ സീസണിലും ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുകയാണെങ്കിൽ അദ്ദേഹത്തിന്റെ കരിയറിൽ ആദ്യമായി യൂറോപ്പ ലീഗ് ഫുട്ബോൾ കളിക്കേണ്ട അവസ്ഥയിലാണുള്ളത്. അതിനാൽ ക്ലബ് വിടാനുള്ള ശ്രമങ്ങൾ ഇപ്പോഴും റൊണാൾഡോ തുടർന്നു കൊണ്ടിരിക്കുകയാണ്.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടർന്നു യൂറോപ്പ ലീഗിലാണ് കളിക്കുന്നതെങ്കിൽ താരത്തിന്റെ രണ്ടു ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ തകർക്കാൻ പിഎസ്‌ജി സൂപ്പർതാരമായ ലയണൽ മെസിക്ക് അവസരമുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം വ്യത്യസ്‌ത ക്ലബുകൾക്കെതിരെ ഗോൾ നേടിയ താരമെന്ന റെക്കോർഡുമാണ് ലയണൽ മെസിക്ക് തകർക്കാൻ അവസരമുള്ളത്.

നിലവിൽ 140 ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 125 ഗോളുകൾ നേടി രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസിക്ക് ഈ സീസണിൽ പതിനഞ്ചു ഗോളുകൾ നേടാൻ കഴിഞ്ഞാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിന് ഒപ്പമെത്താൻ കഴിയും. അതിനു പുറമെ രണ്ടു താരങ്ങളും 38 വ്യത്യസ്‌ത ടീമുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സീസണിൽ ബെൻഫിക്ക, മക്കാബി ഹൈഫ എന്നീ ടീമുകളെ പിഎസ്‌ജി നേരിടുമെന്നതിനാൽ ഇവരിൽ ഒരു ടീമിനെതിരെ ഗോൾ കണ്ടെത്തിയാൽ റൊണാൾഡോയെ മറികടന്ന് മെസി ഈ റെക്കോർഡിൽ മുന്നിലെത്തും.

ഇനി അധികം വർഷങ്ങൾ കരിയറിൽ ബാക്കിയില്ലെന്നിരിക്കെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കണമെന്നും കിരീടം നേടണമെന്നും മുപ്പത്തിയെട്ടു വയസുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആഗ്രഹമുണ്ട്. അതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ താൻ സ്ഥാപിച്ച റെക്കോർഡുകൾ കൂടുതൽ മികച്ചതാക്കാനും താരത്തിന് കഴിയും. അതിനു വേണ്ടി ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബിലേക്കുള്ള ട്രാൻസ്‌ഫറിന് ഇപ്പോഴും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് റൊണാൾഡോ. നിലവിൽ നാപ്പോളി, മാഴ്‌സ, സ്പോർട്ടിങ് എസ്‌പി എന്നീ ക്ലബുകളെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ബന്ധപ്പെടുത്തി മാത്രമാണ് അഭ്യൂഹങ്ങൾ നിലവിലുള്ളത്.

Rate this post