പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് വിജയിക്കുമെന്ന പേടി, മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ ട്രാൻസ്‌ഫർ തടഞ്ഞ് ഗ്വാർഡിയോള

യൂറോപ്യൻ ഫുട്ബാളിലെ തന്നെ ഏറ്റവും മികച്ച താരങ്ങൾ അടങ്ങിയ ഒരു മുന്നേറ്റനിരയും ടീമും ഉണ്ടായിരുന്നിട്ടും കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ നിരാശയായിരുന്നു പിഎസ്‌ജിക്കു വിധിച്ചത്. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡിനോട് വിജയത്തിന്റെ അരികിലെത്തിയെങ്കിലും അപ്രതീക്ഷിതമായ തോൽവി വഴങ്ങി പുറത്തായ പിഎസ്‌ജി പുതിയ സീസണിൽ കൂടുതൽ കരുത്തു നേടാൻ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പരിശീലകനും സ്പോർട്ടിങ് ഡയറക്‌ടറും ഏതാനും താരങ്ങളുമെല്ലാം ടീമിലെത്തിയത്.

എന്നാൽ ഈ സീസണിൽ പിഎസ്‌ജിയുടെ പ്രധാന ലക്ഷ്യമായിരുന്നു ഒരു താരത്തെ അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി ടൈംസ് റിപ്പോർട്ടു ചെയ്യുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് മധ്യനിര താരമായ ബെർണാർഡോ സിൽവയെയാണ് പിഎസ്‌ജി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ശ്രമിച്ചത്. ബാഴ്‌സലോണക്കും താൽപര്യമുണ്ടായിരുന്ന ബെർണാർഡോ സിൽവക്കു വേണ്ടി എഴുപതു മില്യൺ യൂറോയെന്ന പ്രാഥമിക ഓഫർ പിഎസ്‌ജി നൽകിയെങ്കിലും അതു തുടക്കത്തിൽ തന്നെ തള്ളിയ മാഞ്ചസ്റ്റർ സിറ്റി പോർച്ചുഗീസ് താരത്തെ വിൽക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ബെർണാർഡോ സിൽവയുടെ ട്രാൻസ്‌ഫർ മുടങ്ങാൻ കാരണം പെപ് ഗ്വാർഡിയോളയുടെ ഇടപെടലുകൾ ആണെന്നാണ് പിഎസ്‌ജി വിശ്വസിക്കുന്നത്. ഇപ്പോൾ തന്നെ വളരെ കരുത്തുറ്റ ഒരു സ്‌ക്വാഡ് സ്വന്തമായുള്ള പിഎസ്‌ജിയിലേക്ക് വളരെ മികച്ച പ്രകടനം നടത്താൻ കഴിവുള്ള ബെർണാർഡോ സിൽവ കൂടിയെത്തിയാൽ ഫ്രഞ്ച് ക്ലബിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത വളരെയധികം വർധിക്കുമെന്ന് ഗ്വാർഡിയോള കരുതുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് ഇതുവരെയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാത്ത സാഹചര്യത്തിൽ തങ്ങളെ പിഎസ്‌ജി മറികടന്ന് ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യത ഇല്ലാതാക്കുക എന്നതു കൂടിയായിരുന്നു ഗ്വാർഡിയോളയുടെ ഉദ്ദേശം.

അതേസമയം ബാഴ്‌സലോണക്ക് ബെർണാർഡോ സിൽവയിലുള്ള താൽപര്യത്തെ വളരെ അനുഭാവപൂർണമാണ് പെപ് ഗ്വാർഡിയോള ഇപ്പോഴും പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ബാഴ്‌സലോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന ചാരിറ്റി സൗഹൃദ മത്സരത്തിനു മുൻപ് ബെർണാർഡോ സിൽവയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരിച്ച പെപ് ഗ്വാർഡിയോള ഒരു താരത്തെയും ടീമിൽ പിടിച്ചു നിർത്താൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നാണ് പറഞ്ഞത്. അതേസമയം തന്റെ പദ്ധതികളിൽ സിൽവ വളരെ പ്രധാനിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Rate this post