ഞങ്ങൾ ആക്രമിക്കുമ്പോൾ മെസി വിശ്രമിക്കുകയാകും, അർജന്റീന താരം എതിരാളികൾക്കു സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ട് വെളിപ്പെടുത്തി വാൻ ഡൈക്ക് |Qatar 2022

ഖത്തർ ലോകകപ്പിൽ അർജന്റീനയും നെതർലാൻഡ്‌സും തമ്മിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടം ഒരു തരത്തിൽ പറഞ്ഞാൽ ലയണൽ മെസിയും വിർജിൽ വാൻ ഡൈക്കും തമ്മിലുള്ള മത്സരം കൂടിയാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന വാൻ ഡൈക്കും ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആരാണ് വിജയം നേടുകയെന്നറിയാൻ ആരാധകർക്ക് താൽപര്യമുണ്ട്. ഇതിനു മുൻപ് ക്ലബ് തലത്തിൽ രണ്ടു താരങ്ങളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ദേശീയ ടീമിനായി ഇരുവരും മുഖാമുഖം വരുന്നത്.

ഈ സീസണിലും ലോകകപ്പിലും മികച്ച ഫോമിലാണ് ലയണൽ മെസി കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ തന്റെ മികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നു തെളിയിക്കാൻ മെസിക്ക് കഴിയുകയും ചെയ്‌തിരുന്നു. ലയണൽ മെസിയുടെ നേർക്കു വരുമ്പോൾ താരത്തിന്റെ മികവിനെക്കുറിച്ച് തന്നെയാണ് വാൻ ഡൈക്കിനും പറയാനുള്ളത്. നെതെർലാൻഡ്‌സ് ലയണൽ മെസി ഏതു തരത്തിലാണ് ഭീഷണി സൃഷ്‌ടിക്കുകയെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വിർജിൽ വാൻ ഡൈക്ക് വ്യക്തമാക്കി.

“മെസിയെ സംബന്ധിച്ചുള്ള ബുദ്ധിമുട്ടേറിയ കാര്യം ഞങ്ങൾ ആക്രമണം നടത്തുമ്പോൾ മെസി ഏതെങ്കിലും മൂലയിൽ വിശ്രമിച്ചു കൊണ്ടിരിക്കുകയാവും. പ്രതിരോധ നിരയിൽ വളരെ കൃത്യമായി ഒത്തിണക്കത്തോടെ നിൽക്കേണ്ടത് അത്യാവശ്യമാണ്. ഞങ്ങൾക്ക് പ്രത്യാക്രമണം ബുദ്ധിമുട്ടേറിയതാക്കാൻ അവരെപ്പോഴും മെസിയിലേക്ക് പന്തെത്തിക്കാൻ ശ്രമിക്കും.”

“മെസിക്കെതിരെ കളിക്കുന്നത് ഒരു ബഹുമതിയാണ്. ഞാനും മെസിയും തമ്മിലല്ല പോരാട്ടം, നെതർലാൻഡ്‌സും മെസിയും തമ്മിലുമല്ല മത്സരം. അർജന്റീനയും നെതർലൻഡ്‌സും തമ്മിലാണ് കളിക്കുന്നത്.ആർക്കും ഒറ്റക്കൊന്നും ചെയ്യാൻ കഴിയില്ല. ഞങ്ങൾ വളരെ നല്ലൊരു പദ്ധതിയുമായി വന്നാൽ മാത്രമേ താരത്തെ തടുക്കാൻ കഴിയുകയുള്ളൂ.” കഴിഞ്ഞ ദിവസം വാൻ ഡൈക്ക് പറഞ്ഞു.

തന്ത്രജ്ഞരായ പരിശീലകരാണ് രണ്ടു ടീമുകളുടെയും അമരത്തിരിക്കുന്നത്. എന്നാൽ സ്‌കലോണിയെക്കാൾ ലോകകപ്പ് വേദിയിലെ പരിചയസമ്പത്ത് ഹോളണ്ടിന് കൂടുതൽ ആത്മവിശ്വാസം നൽകും. 2014ൽ സെമി ഫൈനൽ വരെയെത്തിയ ലൂയിസ് വാൻ ഗാലിന്റെ ഹോളണ്ട് ഷൂട്ടൗട്ടിൽ അർജന്റീനയോട് തോറ്റു പുറത്തായതിന്റെ പ്രതികാരവും അവർക്ക് നിർവഹിക്കാനുണ്ട്. വാൻ ഗാൽ പരിശീലകനായതിനു ശേഷം ഇതുവരെ തോൽവിയറിയാത്ത ടീം കൂടിയാണ് നെതർലാൻഡ്‌സ്.