ഇരുപത് വർഷക്കാലം എഫ്സി ബാഴ്സലോണയുടെ ജീവനാഡിയായി നിലകൊണ്ട സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ദിവസം ബാഴ്സ വിടാൻ അനുവാദം തേടിയിരുന്നു. ഇതിനെ തുടർന്ന് മെസ്സി ക്ലബ് വിടും എന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ന്യൂസുകളായിരുന്നു മീഡിയകളിൽ പ്രചരിച്ചിരുന്നത്. താരം ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ് എന്നത് മാഞ്ചസ്റ്റർ സിറ്റിയാണ്. മുൻ ബാഴ്സ പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി മുമ്പ് തന്നെ മെസ്സിയെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോഴത് ശക്തമാവുകയും ചെയ്തു.
അതേ സമയം മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുൻ ബ്രസീൽ-ബാഴ്സ ഇതിഹാസതാരം റിവാൾഡോ. റിവാൾഡോയുടെ വാക്കുകൾ ഇംഗ്ലീഷ് മാധ്യമമായ ദി മിറർ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മെസ്സി ക്ലബ് വിടുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവണം എന്നാണ്. മെസ്സിയുടെ കഴിവുകളെ നന്നായി ഉപയോഗിക്കാൻ അറിയുന്ന ആളാണ് ഗ്വാർഡിയോളയെന്നും മെസ്സിക്ക് ഇനിയും കുറച്ചു വർഷങ്ങൾ കൂടി ഫുട്ബോളിലെ ഒന്നാമനായി തുടരാമെന്നും റിവാൾഡോ അറിയിച്ചു. മെസ്സി ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സാധിച്ചു കൊടുക്കണമെന്നും റിവാൾഡോ അറിയിച്ചു.
” മെസ്സിക്ക് മുപ്പത്തിമൂന്ന് വയസ്സായെങ്കിലും ഇനിയും കുറച്ചു വർഷങ്ങൾ കൂടി ഫുട്ബോളിലെ മികച്ച താരമായി തുടരാൻ കഴിയും. മെസ്സിയുടെ കഴിവുകളെ കുറിച്ച് ആഴത്തിലുള്ള അറിവുള്ളയാളാണ് ഗ്വാർഡിയോള. മെസ്സിയെ എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. അത്കൊണ്ട് തന്നെ മെസ്സിക്ക് ഇംഗ്ലണ്ടിൽ തിളങ്ങാൻ കഴിയും മെസ്സിയുടെ പ്രതിഭ ഏത് ടീമിനും ഏത് സമയത്തും ഉപകരിക്കുന്ന ഒന്നാണ് ” റിവാൾഡോ തുടരുന്നു.
” കരാർ അവസാനിക്കും മുമ്പ് ഏറ്റവും മികച്ച താരമായ മെസ്സി ക്ലബ് വിടാൻ ശ്രമിക്കുന്നത് ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. ബാഴ്സ അദ്ദേഹത്തെ പിടിച്ചു നിർത്താനാണ് ശ്രമിക്കുക. പക്ഷെ മെസ്സിയുടെ ഭാഗം കൂടി കേൾക്കാൻ ബാഴ്സ തയ്യാറാവണം. അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും അദ്ദേഹം ക്ലബ് വിടാൻ ആഗ്രഹിക്കുകയാണെങ്കിൽ മെസ്സിയെ അതിന് അനുവദിക്കണം ” റിവാൾഡോ പറഞ്ഞു.