ബാഴ്സ വിടുന്ന കാര്യം പരിഗണിച്ചേക്കും, മെസ്സി കൂമാനെ അറിയിച്ചത് ഈ കാര്യങ്ങൾ.

മുമ്പെങ്ങും ഇല്ലാത്ത വിധമാണ് മെസ്സി ബാഴ്സ വിടുമെന്നുള്ള വാർത്തകൾ പരക്കെ പ്രചരിക്കുന്നത്. യൂറോപ്പിലെ മുഖ്യധാരാ മാധ്യമങ്ങൾ ഒക്കെ തന്നെയും മെസ്സി ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു. ആ റിപ്പോർട്ടുകളെ ശരിവെക്കും വിധമാണ് പുതിയ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ അടിയന്തരമായി മെസ്സിയും പുതിയ പരിശീലകൻ കൂമാനും കൂടികാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിൽ ബാഴ്‌സയിൽ തുടരുമെന്ന് താൻ ഉറപ്പിച്ചു പറയുന്നില്ല എന്നാണ് മെസ്സി കൂമാനെ അറിയിച്ചത്. ബാഴ്സ വിടുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മെസ്സി അദ്ദേഹത്തോട് പറഞ്ഞതായാണ് വാർത്തകൾ.

ആർഎസി വൺ, ടിവൈസി സ്പോർട്ട് എന്നീ പ്രമുഖമാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ ഇവരെ ഉയർത്തി കൊണ്ട് മാർക്കയും ഇത് റിപ്പോർട്ട്‌ ചെയ്തതോടെ ബാഴ്‌സ ആരാധകരിൽ ആശങ്ക വർധിച്ചിട്ടുണ്ട്.ഇന്നലെ തന്റെ ഹോളിഡേ റദ്ദാക്കി കൊണ്ടാണ് കൂമാനുമായി മെസ്സി കൂടിക്കാഴ്ച്ച നടത്തിയത്.അതേസമയം താരത്തെ എങ്ങനെയെങ്കിലും ടീമിൽ പിടിച്ചു നിർത്താൻ ആണ് ബർത്തോമുവും കൂമാനും പുതിയ ടെക്നിക്കൽ മാനേജർ റാമോൺ പ്ലാനസും ശ്രമിക്കുന്നത്. പക്ഷെ അങ്ങനെ പെട്ടന്ന് ഒന്നും മെസ്സിക്ക് ക്ലബ് വിടാനാവില്ല എന്നത് മറ്റൊരു യാഥാർഥ്യമാണ്.

എന്തെന്നാൽ ബാഴ്സയുടെ അനുമതി ലഭിക്കാതെ മറ്റൊരു ക്ലബ്ബിലേക്ക് പോവാനാവില്ല. നിലവിൽ മെസ്സിയുടെ റിലീസ് ക്ലോസ് 700 മില്യൺ യുറോയാണ്. അതായത് ബാഴ്‌സക്ക് സമ്മതം ഇല്ലെങ്കിൽ മെസ്സിയെ ക്ലബിൽ എത്തിക്കാൻ ഉദ്ദേശിക്കുന്ന ടീം ഈ 700 മില്യൺ നൽകിയാൽ മാത്രമേ മെസ്സിയെ ടീമിൽ എത്തിക്കാൻ സാധിക്കുകയൊള്ളൂ. ഒരു താരത്തിന് വേണ്ടി ഒരു ക്ലബും ഈ തുക മുടക്കില്ല എന്നുറപ്പാണ്. ചുരുക്കത്തിൽ മെസ്സിക്ക് ഉടനടി ക്ലബ് വിടാനാവില്ല എന്ന് സാരം. മറിച്ച് അടുത്ത വർഷം താരം ഫ്രീ ഏജന്റ് ആവും. അടുത്ത വർഷമാണ് മെസ്സിയുടെ കരാർ അവസാനിക്കുക. മെസ്സി ക്ലബ് വിടുക ആണെങ്കിൽ ഏറ്റവും കൂടുതൽ സാധ്യത അടുത്ത വർഷമാണ്. പക്ഷെ ഈ വർഷം എന്ത് വിലകൊടുത്തും മെസ്സിയുടെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ. പക്ഷെ ക്ലബ് വിടുന്നത് പരിഗണിക്കുമെന്ന് മെസ്സി തുറന്നു പറഞ്ഞത് ബാഴ്സക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏതായാലും വരും ദിവസങ്ങളിൽ മെസ്സിയെ തൃപ്തിപ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് ബാഴ്സ. ടീമിൽ ആവിശ്യമായ അഴിച്ചു പണികൾ നടത്തുമെന്ന് കൂമാൻ മെസ്സിക്ക് ഉറപ്പ് നൽകിയതായും മാധ്യമങ്ങൾ അറിയിക്കുന്നുണ്ട്.

Rate this post
Fc BarcelonaMessiRonald koeman