പിഎസ്‌ജിയുടെ ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് മത്സരം ഇസ്രായേലി ക്ലബായ മക്കാബി ഹൈഫയുടെ മൈതാനത്താണ് നടന്നതെങ്കിലും അവിടെയെത്തിയ ഒരു വിഭാഗം ആരാധകർ മെസിയെന്ന മാന്ത്രികനെക്കൂടി കാണാനാണ് എത്തിയതെന്നു വ്യക്തമാണ്. തന്നെ കാണാനെത്തിയ ആരാധകരെ പ്രകടനം കൊണ്ട് തൃപ്‌തനാക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞിരുന്നു. പിഎസ്‌ജി പുറകിലായിപ്പോയ മത്സരത്തിൽ അവരെ ഒപ്പമെത്തിച്ച ഗോൾ നേടാനും മുന്നിലെത്തിച്ച ഗോളിന് അസിസ്റ്റ് നൽകാനും മെസിക്ക് കഴിഞ്ഞു. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയവും പിഎസ്‌ജി സ്വന്തമാക്കി.
മത്സരത്തിനെത്തിയ ആരാധകരുടെ മാത്രമല്ല, പിഎസ്‌ജിയുടെ എതിരാളികളായ മക്കാബി ഹൈഫ ക്ലബിന്റെ താരങ്ങളുടെ മനസും കവർന്ന പ്രവൃത്തിയാണ് ലയണൽ മെസി കളിക്കു ശേഷം ചെയ്‌തത്. ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിനു ശേഷം പിഎസ്‌ജിയും തങ്ങളും ഒരു ഗ്രൂപ്പിലാണെന്ന് അറിഞ്ഞതോടെ ലയണൽ മെസിയുടെ ജേഴ്‌സി ഇൻസ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ട ഇസ്രായേൽ ക്ലബിന്റെ താരത്തിന് അതു നൽകിയാണ് മെസി എതിരാളികളുടെ മനസ്സിൽ ഇടം നേടിയത്. സ്വന്തം ടീമിന്റെ പരാജയത്തിലും മെസിയുടെ സമ്മാനം ലഭിച്ചത് താരത്തിന് വളരെയധികം സന്തോഷം നൽകുകയും ചെയ്‌തു.
മക്കാബി ഹൈഫയുടെ മുന്നേറ്റനിരയിൽ കളിക്കുന്ന ഒമർ അറ്റ്‌സിലിയെന്ന ഇസ്രായേൽ താരമാണ് ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിനു പിന്നാലെ ലയണൽ മെസിയുടെ ജേഴ്‌സി ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിട്ടത്. മെസിക്കൊപ്പം നെയ്‌മറുടെ ജേഴ്‌സിയും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മത്സരത്തിന്റെ എഴുപത്തിയാറാം മിനുട്ടു വരെ കളിച്ചതിനു ശേഷം അറ്റ്‌സിലി പിൻവലിക്കപ്പെട്ടെങ്കിലും മത്സരം തീർന്നപ്പോൾ മെസി ജേഴ്‌സി കൈമാറിയത് അറ്റ്‌സിലിയുമായായിരുന്നു. മെസിയുടെ ജേഴ്‌സി ലഭിച്ച അറ്റ്‌സിലി അതിൽ വിയർപ്പുള്ളതു കണക്കാക്കാതെ അതണിഞ്ഞു മൈതാനത്തു കൂടി നടക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കു വെക്കുന്നുണ്ട്.
No 1 in the world. Messi 🐐
— The originals (@Theorriginal) September 14, 2022
This guy wore Messi's Jersey Immediately with sweat! 😂😂
No time.#UCL #championsleague Haaland
Allegri. pic.twitter.com/BALWLFmIkf
ഇന്നലെ നടന്ന മത്സരത്തിൽ ടാരോൺ ചെറി നേടിയ ഗോളിൽ മക്കാബി ഹൈഫ ഇരുപത്തിനാലാം മിനുട്ടിൽ തന്നെ മുന്നിലെത്തിയിരുന്നു. ഇതിനു പിന്നാലെ മുപ്പത്തിയേഴാം മിനുട്ടിൽ മെസി ഗോൾ കണ്ടെത്തി പിഎസ്‌ജിയെ ഒപ്പമെത്തിച്ചു. അറുപത്തിയൊമ്പതാം മിനുട്ടിൽ എംബാപ്പയും എൺപത്തിയെട്ടാം മിനുട്ടിൽ നെയ്‌മറും ഗോൾ കണ്ടെത്തിയതോടെ പിഎസ്‌ജി വിജയം ഉറപ്പിക്കുകയായിരുന്നു. കളിച്ച രണ്ടു മത്സരങ്ങളിലും വിജയം നേടിയ പിഎസ്‌ജിയാണ് ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. രണ്ടാമതുള്ള ബെൻഫിക്കക്കും ആറു പോയിന്റുണ്ട്.