പുതിയ സീസണിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ബാഴ്സലോണ നായകൻ ലയണൽ മെസിയുടെ പ്രകടനം മോശമാണെന്നു സമ്മതിച്ച് പരിശീലകൻ കൂമാൻ. കഴിഞ്ഞ നാലു ലാലിഗ മത്സരങ്ങളിലായി ഒരു തവണ മാത്രമാണ് മെസിക്കു ഗോൾ നേടാനായിരിക്കുന്നത്. അതും പെനാൽട്ടിയിലൂടെയാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം കാഴ്ച വെച്ച ബാഴ്സ ഗെറ്റാഫയോട് തോറ്റതിനു പിന്നാലെയാണ് കൂമാൻ മെസിയുടെ പ്രകടനത്തെ കുറിച്ചു സംസാരിച്ചത്.
“ഇപ്പോഴത്തെ മെസിയുടെ പ്രകടനം കുറച്ചു കൂടി മെച്ചപ്പെടേണ്ടതുണ്ട്. എന്നാൽ അദ്ദേഹം സന്തോഷവാനാണ്. മികച്ച പ്രകടനം നടത്താനും ടീമിനെ നല്ല രീതിയിൽ നയിക്കാനും മെസി ശ്രമിക്കുന്നുണ്ട്. അതേപ്പറ്റി എനിക്കൊരു പരാതിയുമില്ല.” കൂമാൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
“ദൗർഭാഗ്യവും മെസിക്കുണ്ട്. ഗെറ്റാഫക്കെതിരെ അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിലടിച്ചു പുറത്തു പോയിരുന്നു. മറ്റു ദിവസങ്ങളിൽ അതു ഗോളാകേണ്ടതാണ്. അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് എനിക്കു സംശയങ്ങളില്ല. അടുത്ത ദിവസങ്ങളിൽ മികച്ച പ്രകടനം തന്നെ താരം കാഴ്ച വെച്ചു തുടങ്ങുമെന്നുറപ്പാണ്.” കൂമാൻ വ്യക്തമാക്കി.
ഇന്നു രാത്രി കൂമാൻ ബാഴ്സയുമൊന്നിച്ച് ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങുകയാണ്. ഹംഗേറിയൻ ക്ലബായ ഫെറൻവിറോസിനെതിരെ മികച്ച പ്രകടനം നടത്തി മെസി എൽ ക്ലാസികോക്കു മുൻപ് ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.