ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന പ്രകടനമാണ് അർജന്റീന താരം ലയണൽ മെസി നടത്തിയത്. ഏഴു ഗോളുകളും മൂന്നു അസിസ്റ്റുകളും സ്വന്തമാക്കിയ മെസി ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു. അർജന്റീന ടീമിന് ആത്മവിശ്വാസം നൽകിയതും കളം നിറഞ്ഞു കളിക്കുകയും നിർണായക ഗോളുകൾ നേടുകയും ചെയ്‌ത മെസിയുടെ സാന്നിധ്യമാണ്.
എന്നാൽ ലോകകപ്പിന് ശേഷം പിഎസ്‌ജിയിലേക്ക് തിരിച്ചെത്തിയ ലയണൽ മെസി ക്ലബിനായി മോശം പ്രകടനമാണ് നടത്തുന്നത്. ഇന്നലെ ഫ്രഞ്ച് ലീഗിൽ റീംസിനെതിരെ നടന്ന മത്സരത്തിൽ പിഎസ്‌ജി സമനില വഴങ്ങിയപ്പോൾ ലയണൽ മെസിയുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. ഖത്തർ ലോകകപ്പിന് ശേഷം മെസി നടത്തിയ ഏറ്റവും മോശം പ്രകടനമായിരുന്നു അതെന്നതിൽ സംശയമില്ല.
മത്സരത്തിൽ മുഴുവൻ സമയവും കളിച്ചിട്ടും ഒരു ഷോട്ട് പോലും ഗോളിലേക്ക് അടിക്കാൻ മെസിക്ക് കഴിഞ്ഞില്ല. അതിനു പുറമെ ഒരു സുവർണാവസരം താരം നഷ്‌ടമാക്കുകയും ചെയ്‌തു. ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച പന്താണ് മെസിക്ക് ഗോളിലേക്കെത്തിക്കാൻ കഴിയാതിരുന്നത്. നാല് ഡ്രിബിളിംഗിന് ശ്രമിച്ച താരത്തിന് അതിൽ ഒന്ന് മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്.
മത്സരത്തിനു ശേഷം മെസിയുടെ പ്രകടനത്തെ കളിയാക്കി ആരാധകർ രംഗത്തു വന്നിട്ടുണ്ട്. ലോകകപ്പിന് ശേഷം കളിക്കളത്തിൽ കാര്യമായി ഒന്നും ചെയ്യാൻ മെസിക്ക് താൽപര്യമില്ലെന്നും താരത്തിന്റെ മോശം ഫോം റൊണാൾഡോക്ക് സന്തോഷം നൽകുന്നുണ്ടാകുമെന്നെല്ലാം ആരാധകർ ട്വിറ്ററിൽ പ്രതികരിച്ചു. മെസി പിഎസ്‌ജി കരാർ പുതുക്കരുതെന്നും ചിലർ ആവശ്യപ്പെടുന്നു.
Messi vs Reims Édit 🐑 pic.twitter.com/H36nAmhakk
— 𝕷𝖚𝖈𝖆𝖘 🥷🦅 | brillant 🇨🇩| (@x_lpm77) January 29, 2023
വെറാറ്റിക്ക് ചുവപ്പുകാർഡ് ലഭിച്ചത് ഇന്നലെ പിഎസ്‌ജിയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. അതേസമയം ലോകകപ്പിന് മുൻപ് മികച്ച പ്രകടനം പിഎസ്‌ജിക്കു വേണ്ടി നടത്തിയിരുന്ന ലയണൽ മെസി ഇപ്പോൾ പതറുന്നത് ആരാധകരിൽ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. പിഎസ്‌ജി കരാർ പുതുക്കുന്ന ചർച്ചകൾ എവിടെയും എത്തിയിട്ടില്ലെന്നതു കൊണ്ട് താരം ക്ലബ് വിടാനുള്ള തീരുമാനം എടുത്തോയെന്നും അവർ സംശയിക്കുന്നു.