ദിവസങ്ങൾക്ക് മുമ്പ് യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് സ്വീഡനെ കീഴടക്കിയിരുന്നു. മത്സരത്തിൽ വിജയഗോൾ നേടിയത് കിലിയൻ എംബാപ്പെ ആയിരുന്നു. എന്നാൽ മത്സരത്തിന്റെ 95-ആം മിനുട്ടിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാൻ പാഴാക്കിയിരുന്നു. താരത്തിന്റെ പെനാൽറ്റി ബാറിന് മുകളിലൂടെ പുറത്തേക്ക് പോവുകയായിരുന്നു.
ഫ്രഞ്ച് ടീമിന് വേണ്ടി തുടർച്ചയായ മൂന്നാം തവണയായിരുന്നു ഗ്രീസ്‌മാൻ പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് വലിയ വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ താരത്തെ പരിശീലകൻ ദിദിയർ ദെഷാപ്സ് പിന്തുണച്ചിരുന്നു. ഗ്രീസ്‌മാൻ പെനാൽറ്റി നഷ്ടംപ്പെടുത്തുന്നതിന് കാരണം ബാഴ്‌സ ആണ് എന്നാണ് അദ്ദേഹം പരോക്ഷമായി വിമർശിച്ചിരുന്നത്. ബാഴ്സയിൽ പെനാൽറ്റി എടുക്കാൻ ഗ്രീസ്‌മാന് അവസരം ലഭിക്കാറില്ലെന്നും അതിനാൽ തന്നെ പരിശീലനം ലഭിക്കാറില്ലെന്നും അതിന്റെ ഫലമായാണ് താരത്തിന് പെനാൽറ്റികൾ പിഴക്കുന്നത് എന്നുമായിരുന്നു ഫ്രഞ്ച് പരിശീലകന്റെ കണ്ടെത്തൽ.
എന്നാലിപ്പോൾ ആ വിമർശനങ്ങൾക്ക് ഫലം കണ്ട മട്ടാണ്. ഇന്നലെ നടന്ന ബാഴ്സയുടെ മത്സരത്തിൽ ബാഴ്‌സക്ക് ലഭിച്ച ആദ്യ പെനാൽറ്റി എടുത്തത് ഗ്രീസ്‌മാൻ ആയിരുന്നു. മത്സരത്തിന്റെ പതിനേഴാം മിനിറ്റിലായിരുന്നു ബാഴ്‌സക്ക് പെനാൽറ്റി ലഭിച്ചത്. ജെറാർഡ് പിക്വേയെ വീഴ്ത്തിയതിനെ തുടർന്നാണ് ബാഴ്സക്ക് പെനാൽറ്റി ലഭിച്ചത്. എന്നാൽ ഈ പെനാൽറ്റി സൂപ്പർ താരം മെസ്സി എടുക്കാൻ തയ്യാറായില്ല. മെസ്സി ബോൾ ഗ്രീസ്‌മാന് കൈമാറുകയായിരുന്നു. ഗ്രീസ്‌മാൻ ഗോൾകീപ്പർക്ക് ഒരവസരവും കൂടാതെ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഗ്രീസ്‌മാന്റെ പെനാൽറ്റിയിലുള്ള ആത്മവിശ്വാസം വർധിപ്പിക്കാൻ വേണ്ടിയാണ് മെസ്സി താരത്തിന് പെനാൽറ്റി നൽകിയത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതല്ലെങ്കിൽ ഫ്രഞ്ച് പരിശീലകന്റെ വിമർശനം ഫലിച്ചതായിരിക്കുമെന്നുമാണ് ആരാധകർ കണക്കുക്കൂട്ടുന്നത്. ഏതായാലും ഗ്രീസ്‌മാൻ പെനാൽറ്റി വിജയകരമായി ലക്ഷ്യത്തിലെത്തിച്ചത് ആരാധകർക്ക് ആശ്വാസമായി. ബാഴ്സയുടെ മൂന്നാം ഗോൾ കൂട്ടീഞ്ഞോ പെനാൽറ്റിയിലൂടെ നേടിയത് തന്നെയായിരുന്നു. അപ്പോഴേക്കും ഇരുവരെയും കൂമാൻ പിൻവലിച്ചിരുന്നു.