കഴിഞ്ഞ ദിവസം ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച റയൽ മാഡ്രിഡിന്റെയും സ്പെയിനിന്റെയും ഇതിഹാസതാരമായ ഇകർ കസിയസിന് സന്ദേശവുമായി ബാഴ്സലോണ നായകൻ ലയണൽ മെസി. റയൽ മാഡ്രിഡിനും സ്പെയിനുമൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ കസിയസിന് സ്പാനിഷ് മാധ്യമം എഎസിലൂടെയാണ് മെസി വിടവാങ്ങൽ സന്ദേശം നൽകിയത്.
“ഫുട്ബോൾ ചരിത്രത്തിൽ വളരെ മുൻപു തന്നെ ഇടം പിടിച്ച കസിയസ് വിരമിക്കുകയാണ്. റയൽ മാഡ്രിഡിനൊപ്പം ഉണ്ടാക്കിയ നേട്ടങ്ങൾ കൊണ്ടു മാത്രമല്ല, ദേശീയ ടീമിനൊപ്പം സ്വന്തമാക്കിയ കിരീടങ്ങൾ കൊണ്ടു കൂടിയാണ് കസിയസ് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. മികച്ച ഗോൾകീപ്പറായിരുന്ന കസിയസ് എതിരാളിയെന്ന നിലയിൽ ദുഷ്കരമായിരുന്നു.”
“എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ ഓരോ തവണ നേർക്കുനേർ പോരാടാൻ ഇറങ്ങിയപ്പോഴും നമുക്കുണ്ടായിരുന്നത് മനോഹരമായൊരു വൈരിയായിരുന്നുവെന്ന് എനിക്കു തോന്നുന്നു.” മെസി കുറിച്ചു.
മുപ്പത്തിയൊൻപതാം വയസിൽ ബൂട്ടഴിച്ച കസിയസ് ഇതുവരെ റയൽ മാഡ്രിഡിനു വേണ്ടി മാത്രം 725 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പെയിനൊപ്പം നായകനായി ലോകകപ്പും യൂറോയും നേടിയ താരം അവസാനം പോർട്ടോയിലാണു കളിച്ചിരുന്നത്. കഴിഞ്ഞ വർഷം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കസിയസ് പിന്നീട് കളിച്ചിട്ടില്ലായിരുന്നു.