എത്ര ഗോൾ ലീഡ് നേടിയാലും അതു തുലച്ചു കളയുന്ന ടീമെന്ന ചീത്തപ്പേര് ഇപ്പോൾ ബാഴ്സലോണക്കുണ്ട്. പ്രത്യേകിച്ചും ചാമ്പ്യൻസ് ലീഗിൽ. തുടർച്ചയായി രണ്ടു തവണയാണ് ബാഴ്സ മികച്ച ലീഡ് നേടിയതിനു ശേഷം മത്സരം തുലച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ലിവർപൂളിനെതിരെയും അതിനു മുൻപ് റോമക്കെതിരെയും ചാമ്പ്യൻസ് ലീഗിൽ മൂന്നു ഗോൾ ലീഡ് ബാഴ്സ തുലച്ചു കളഞ്ഞിട്ടുണ്ട്.
നാപോളിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബാഴ്സ മൂന്നു ഗോൾ നേടിയെങ്കിലും ഹാഫ് ടൈമിനു മുൻപേ നാപോളി ഒരു ഗോൾ തിരിച്ചടിച്ചത് മറ്റൊരു തോൽവിയിലേക്കു ടീമിനെ നയിക്കുമോയെന്ന് ബാഴ്സ ആരാധകർക്കു സംശയം ഉണ്ടാക്കിയിരുന്നു. അതേ പരിഭ്രമത്തിൽ നിന്നിരുന്ന ബാഴ്സ താരങ്ങളോട് മെസി പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഹാഫ് ടൈം കഴിഞ്ഞതിനു ശേഷം മത്സരത്തിനിറക്കാൻ ടണലിൽ നിൽക്കുമ്പോഴാണ് മെസി സഹതാരങ്ങളോടു സംസാരിച്ചത്. “ഇവിടെ നിങ്ങൾ മണ്ടത്തരം കാണിക്കരുത്. നമ്മൾ രണ്ടു ഗോളിന്റെ മുൻതൂക്കത്തിലാണു നിൽക്കുന്നത്. അതു കൊണ്ട് സമാധാനപൂർവ്വം കളിക്കുക.” മെസിയുടെ വാക്കുകൾ ഇങ്ങിനെയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിൽ നാപോളി ആധിപത്യം സ്ഥാപിച്ചെങ്കിലും ബാഴ്സ പ്രതിരോധം ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന് മത്സരം സ്വന്തമാക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ ചാമ്പ്യന്മാരാകാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ബയേൺ മ്യൂണിക്കിനെ നേരിടാൻ ഒരുങ്ങുകയാണ് ബാഴ്സലോണ.