ബർത്തോമുവിനെ കാണുന്ന പ്രശ്നമില്ല, പക്ഷെ….! മെസ്സിയുടെ തീരുമാനങ്ങൾ ഇങ്ങനെ.

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് നിലവിൽ ഫുട്ബോൾ ലോകത്തെ ഭരിക്കുന്നത്. താരം ക്ലബ് വിടാൻ അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും ബാഴ്‌സ ഒഫീഷ്യൽ ആയി ഒരു പ്രതികരണവും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ബാഴ്‌സയുടെ പുതിയ സ്പോർട്ടിങ് ഡയറക്ടർ റാമോൺ പ്ലാനസ് മെസ്സിയെ കൈവിടാൻ ബാഴ്സ ഒരുക്കമല്ല എന്ന് അറിയിച്ചിരുന്നു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പക്ഷെ ലയണൽ മെസ്സിയുമായി കൂടിക്കാഴ്ച്ച നടത്താൻ പ്രസിഡന്റ്‌ ബർത്തോമു ഒരുക്കങ്ങൾ നടത്തിയിരുന്നു. മെസ്സിയുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനും അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തി, തൃപ്തിപ്പെടുത്തി ക്ലബിൽ തന്നെ തുടരാൻ പ്രേരിപ്പിക്കാൻ വേണ്ടിയുമാണ് ബർത്തോമു കൂടിക്കാഴ്ച്ച നടത്തണമെന്ന് ആവിശ്യപ്പെട്ടത്. എന്നാൽ ഈ ആവിശ്യം മെസ്സിയെ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർകയാണ് ഇത് പുറത്ത് വിട്ടത്.

ബർത്തോമുവുമായി കൂടിക്കാഴ്ച്ച നടത്തുന്ന പ്രശ്നമില്ല എന്നാണ് മെസ്സിയുടെ നിലപാട്. പക്ഷെ മെസ്സി പരിശീലനത്തിൽ പങ്കെടുക്കും. ഞായറാഴ്ച്ച ബാഴ്സയുടെ ട്രെയിനിങ് കോംപ്ലക്സിൽ വെച്ച് നടക്കുന്ന പിസിആർ ടെസ്റ്റിന് എല്ലാവരെയുംപോലെ മെസ്സി വിധേയനാവും. തുടർന്ന് ഓഗസ്റ്റ് 31, തിങ്കളാഴ്ച്ച പുതിയ പരിശീലകൻ കൂമാന് കീഴിൽ പരിശീലനം നടത്തും.

സാധാരണ രീതിയിൽ തന്നെയാണ് മെസ്സി കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോവുക. പക്ഷെ ഈ സമയത്തിനിടെ ബാഴ്സ താരത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനങ്ങൾ കൈക്കൊള്ളണം. ഉചിതമായ തീരുമാനം തന്നെ ബാഴ്‌സ എടുക്കുമെന്നാണ് മെസ്സി പ്രതീക്ഷിക്കുന്നത്. അതേസമയം മെസ്സി തുടരുമെന്ന് ഉറപ്പ് നൽകിയാൽ താൻ രാജിവെക്കാമെന്ന് ബർത്തോമു അറിയിച്ചിരുന്നു. പക്ഷെ മെസ്സി ബർത്തോമുവുമായി കൂടിക്കാഴ്ച്ചക്ക് വിസമ്മതിച്ചത് കാര്യങ്ങളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Rate this post